കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടിയില്ല; നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : വേലി തന്നെ വിളവുതിന്നുന്നതുപോലെ കൊവിഡ് നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് സിപിഎം ജില്ലകള്‍ തോറും നടത്തിവരുന്ന പാര്‍ട്ടി സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി സമ്മേളന വേദികളില്‍നിന്ന് ഉന്നതര്‍ക്കുപോലും കൊവിഡ് ബാധിച്ചിട്ടും അടച്ചിട്ടമുറികളില്‍ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

യുഡിഎഫ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും ദിവസങ്ങള്‍ക്ക് മുമ്പേ റദ്ദാക്കി. മത, സാംസ്‌കാരിക സംഘടനകളെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ സാമൂഹ്യ വ്യാപനം തടയാനും നിശ്ചിത എണ്ണത്തിന് അപ്പുറമുള്ള കൂട്ടായ്മകള്‍ നിയന്ത്രിക്കാനും ഗവണ്‍മെന്‍റിനു യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അടുത്ത മൂന്നാഴ്ച കൊവിഡ്/ ഒമിക്രോണ്‍ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നല്‍കിയെങ്കിലും അതിന് അനുസൃതമായ ജാഗ്രതാ നടപടികളോ, ഭരണ നടപടികളോ ഉണ്ടായില്ല. ഇതു സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു.

ഒന്നും രണ്ടും ഘട്ടങ്ങളുടെ കൊവിഡ് വ്യാപന കാലത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച ‘വോളണ്ടിയര്‍ ബ്രിഗേഡുകള്‍’ സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണം. രോഗികള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതമാകുന്നതോടെ വീട്ടില്‍ എല്ലാവരും രോഗബാധിതരാകുന്ന സ്ഥിതിവിശേഷം തടയാന്‍ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പുനഃസ്ഥാപിക്കണം. വീടുകളില്‍ തന്നെ നില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്ക് അതിന് അവസരം കൊടുക്കണം.

മരുന്നിനും കൊവിഡ് രോഗവും ആയി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന തുക സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണം. കൊവിഡ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ വളരെ സഹായകമായിരുന്ന ആയിരത്തോളം പി.ജി വിദ്യാര്‍തഥികളുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ഈ കുറവ് നികത്താന്‍ എംബിബിഎസ് പാസായവരെ അടിയന്തരമായി നിയോഗിക്കണം.

ആരോഗ്യ രംഗത്തെ ജീവനക്കാരെ പ്രതിനിധികരീക്കുന്ന സംഘടനകളുമായും ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകളുമായും ഗവണ്‍മെന്‍റ് ആശയവിനിമയം നടത്തണം. സ്വകാര്യമേഖലയെ കൂടതല്‍ വിശ്വാസത്തിലെടുക്കണം.

കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയ്ക്ക് സഹായം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കൊവിഡിന്‍റെ മൂന്നാം വരവ് ചിലരില്‍ വളരെയേറെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവര്‍ക്ക് കൗണ്‍സിലിംഗിന് സൗകര്യം ഏര്‍പ്പെടുത്തണം.

വിദേശത്തു നിന്നും വരുന്നവരില്‍ രണ്ട് കുത്തിവെപ്പുകള്‍ നടത്തുകയും വരുന്ന രാജ്യത്തും ഇവിടെയും ആര്‍ടിപിസിആര്‍ നെഗറ്റീവ് ആകുകയും രോഗലക്ഷണം ഇല്ലാതിരിക്കുകയും ചെയ്താല്‍ ക്വാറന്‍റൈന്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കണം.

രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇതിന് കേന്ദ്ര ഗവണ്‍മെ‍ന്‍റ് സഹായം കൂടി ലഭ്യമാക്കണം.

കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ വ്യത്യസ്ത സ്ഥിതിയില്‍ വരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി ഉണ്ടാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

Comments (0)
Add Comment