കൊവിഡ് ഒമിക്രോണ്‍ വകഭേദം; പ്രതിരോധ നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു

Jaihind Webdesk
Saturday, November 27, 2021

ന്യൂഡല്‍ഹി : കൊവിഡിന്‍റെ പുതിയ വകഭേദത്തില്‍ പ്രതിരോധ നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം. വാക്സിനേഷന്‍ പുരോഗതിയും ചര്‍ച്ച ചെയ്യും. കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണ്‍ ലോകത്ത് റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായാണ് നടപടി.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അത്യന്തം അപകടകാരിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതിവേഗം പകരുന്നതാണ് ഒമിക്രോണ്‍ എന്നുപേരിട്ട പുതിയ വകഭേദം. അതിനിടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി.

അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ഒട്ടേറെത്തവണ പരിവർത്തനം സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിേക്രാണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു. അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയായ വൈറസ് എന്ന് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്.