‘സമര്‍പ്പണബോധത്തോടെ പ്രതികൂല സാഹചര്യത്തിലും സേവനമനുഷ്ഠിക്കാന്‍ തയ്യാറായ നിങ്ങളെ കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു’; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, April 5, 2020

 

തിരുവനന്തപുരം:  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സമര്‍പ്പണബോധത്തോടെ പ്രതികൂല സാഹചര്യത്തിലും അപകടകരമായ അവസ്ഥയിലും സേവനമനുഷ്ഠിക്കാന്‍ തയ്യാറായ ഓരോ പ്രവര്‍ത്തകരേയും കുറിച്ച് അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മുല്ലപ്പള്ളി  രാമചന്ദ്രന്‍റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം മാതൃകയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശബ്ദ സേവനം നടത്തുന്ന കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.

രാജ്യവും സംസ്ഥാനവും കോവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

സമര്‍പ്പണബോധത്തോടെ പ്രതികൂല സാഹചര്യത്തിലും അപകടകരമായ അവസ്ഥയിലും സേവനമനുഷ്ഠിക്കാന്‍ തയ്യാറായ നിങ്ങളെ കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു. രാജ്യം അപകടത്തില്‍പ്പെടുമ്പോള്‍ കടമകള്‍ മറന്ന് പിന്തിരിയുന്നതല്ല കോണ്‍ഗ്രസിന്റെ മഹത്തായപാരമ്പര്യമെന്ന് നിങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ദേശീയപ്രസ്ഥാനകാലത്ത് കോണ്‍ഗ്രസ് നടത്തിയ നിശബ്ദസേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ നിങ്ങളും പുതിയ ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായി.

ആലംബഹീനരുടേയും അശരണരുടേയും കണ്ണീരൊപ്പാനും അവര്‍ക്ക് താങ്ങും തണലുമാകാനും എന്നും കോണ്‍ഗ്രസുണ്ടായിട്ടുണ്ട്.

മഹാമാരിക്കെതിരെ ‘ഒറ്റക്കെട്ടായ പോരാട്ടം’ എന്ന സന്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. രാഷ്ട്രീയ നേട്ടം നോക്കിയുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസ് കണ്ടിട്ടില്ല. കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സരിക്കുകയാണ്. ഒരുമയുടെ സന്ദേശമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. രാഷ്ട്രീയം,മതം,ജാതി,ഭാഷ എന്നിവ നോക്കിയല്ല കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ എത്താത്തിടങ്ങളില്‍ സഹായഹസ്തവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടന്നു ചെന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍ കരുതല്‍ എല്ലാം അണുവിട തെറ്റാതെ പാലിക്കാനും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രത്യേകം ശ്രദ്ധിച്ചു.

രാജ്യം അനിവാര്യമായ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് പരിഹാരം കാണാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി കെ.പി.സി.സി ആസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പതിനാല് ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ഏകോപിപ്പിച്ച് കൊണ്ട് ഡി.സി.സി അധ്യക്ഷന്‍മാര്‍ അവരുടെ പ്രാഗല്‍ഭ്യം തെളിയിച്ചു. ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയ നേതാക്കന്‍മാരും പ്രവര്‍ത്തകന്‍മാരും നിസ്തൂലമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കെ.പി.സി.സി നേതാക്കാന്‍മാരെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി.

കെ.പി.സി.സിയുടെ സഹായം അഭ്യര്‍ത്ഥിച്ച് നിരവധിപേര്‍ ബന്ധപ്പെട്ടു.ഭക്ഷണം, കുടിവെള്ളം,ചികിത്സാ സഹായം അങ്ങനെ സഹായം അഭ്യര്‍ത്ഥിച്ചു വിളിക്കുന്നവരുടെ ആവശ്യം എന്തുതന്നെയായാലും വളരെ പെട്ടന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നത് മറ്റൊരു നേട്ടം.

യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും എം.പിമാരുടേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചന്റെ സേവനം ആവശ്യക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സിയുടെ നിര്‍ദ്ദേശം പ്രകാരം കോണ്‍ഗ്രസ് സന്നദ്ധ പ്രവര്‍ത്തകര്‍ കേരളത്തിലുടെ നീളം ഭക്ഷണവും ഭക്ഷണധാന്യ കിറ്റും എത്തിച്ചു. കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും നല്‍കുന്ന ഭക്ഷണത്തിന് 25 രൂപ നിരക്ക് ഏര്‍പ്പെടുത്തയപ്പോള്‍ തികച്ചും സൗജന്യ ഭക്ഷണം യൂത്തുകോണ്‍ഗ്രസും കോണ്‍ഗ്രസ് കമ്മിറ്റികളും വിതരണം ചെയ്തു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണയേറിയപ്പോള്‍ വിളറിപൂണ്ട ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളുടെ വ്യാജപരാതിയിന്‍മേല്‍ സര്‍ക്കാര്‍ വൈരാഗ്യ നടപടികള്‍ സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പല കമ്മ്യൂണിറ്റി കിച്ചനുകളുടെയും പ്രവര്‍ത്തനം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൂട്ടിച്ചു. നേതാക്കള്‍ക്കെതിരെ കളക്കേസെടുത്തു. ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നത് നിര്‍ഭാഗ്യകരമാണ്.

കെ.പി.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം ഒന്നു മുതല്‍ രണ്ടുകോടി രൂപവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി കോണ്‍ഗ്രസ് എം.പിമാരും മാതൃകകാട്ടി. കോണ്‍ഗ്രസ് എം.എല്‍.എമാരും അവരുടെ മണ്ഡലങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കി.
ഇന്ത്യക്ക് അകത്തും പുറത്തു നിന്നും നിരവധിപ്പേര്‍ ഉറ്റവരെ കുറിച്ചുള്ള ആശങ്കയറിക്കാന്‍ കെ.പി.സി.സിയെ ബന്ധപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവിടങ്ങളിലെ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് കെ.പി.സി.സി ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ച് നല്‍കി.

ദേശാന്തര തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഡി.സി.സികളെ ചുമതലപ്പെടുത്തി. വിശക്കുന്ന ഒരാളും ഈ ദുരന്തകാലത്ത് ഉണ്ടാകരുതെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ദേശാന്തര തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് അഹാരമെത്തിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തു. അവര്‍ക്ക് എല്ലായിടത്തും ഭക്ഷ്യധാന്യ കിറ്റും ഭക്ഷണവും നല്‍കി.

ചികിത്സാ സഹായത്തിന് വിളിച്ച എല്ലാവര്‍ക്കും മരുന്നും മറ്റും എത്തിച്ച് നല്‍കുന്നതിന് പ്രത്യേക ശ്രദ്ധപുലര്‍ത്തി. ആശുപത്രികള്‍ക്കായി ആംബുലന്‍സ് സേവനം ഉറപ്പാക്കി. കണ്ണൂര്‍ സ്വദേശിക്ക് എറണാകുളത്തും നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെയും ബാഗ്ലൂരിലെ മലയാളി കുടുംബത്തിനും മരുന്നെത്തിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകത്തിലേക്കുള്ള പാതകളെല്ലാം മണ്ണിട്ടടച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക മുഖ്യമന്ത്രിയേയും അധികൃതരേയും യഥാസമയം ബന്ധപ്പെടുകയുണ്ടായി.
നെല്‍ കര്‍ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കൊയ്ത്ത്‌യന്ത്രം ലഭ്യമാക്കുകയും ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലി തീറ്റ ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.

പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്ന ഓരോ പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അഭിമാനമാണ്. കൊടിയടയാളമോ പാര്‍ട്ടി ചിഹ്നങ്ങളോ ഉപയോഗിക്കാതെ സന്നദ്ധസേവനത്തിന്റെ അര്‍ത്ഥം പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ജാഗ്രതയോടെ മുന്നോട്ട് വന്ന് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകനേയും ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിന്റെ ഭാവി നിങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരിക്കല്‍ക്കൂടി അഭിവാദനങ്ങള്‍.

മുല്ലപ്പള്ളി രാമചന്ദ്രന്‍
കെ.പി.സി.സി. പ്രസിഡന്റ്