കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്ത് എല്ലാം താളംതെറ്റിയ അവസ്ഥയിലെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം: കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്ത് എല്ലാം താളംതെറ്റിയ അവസ്ഥയിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് 19 കേരളത്തിലുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ശുഷ്‌കാന്തി കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ്-19 കേരളത്തിന്‍റെ വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ മാതൃകയായ ആരോഗ്യ സുരക്ഷ സംവിധാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ഇത് കേവലം ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടായതല്ല. ദശകങ്ങളായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഉണ്ടാക്കിയെടുത്തതാണ്. ഈ നാടു ഭരിച്ച പഴയ രാജക്കന്മാര്‍ അടക്കം ഇക്കാര്യത്തില്‍ നല്‍കിയ സംഭാവന വലുതാണ്.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊവിഡ് ഒരു വലിയ അളവുവരെ നിയന്ത്രിക്കാനായി. എന്നാല്‍ പിന്നീട് എല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. കൊവിഡ് 19 കേരളത്തിലുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് ആര്‍.ജി.ഐ.ഡി.എസ് തയാറാക്കിയ റിപ്പോര്‍ട്ട് ജനങ്ങളുടെ കണ്ണ് തുറപ്പിക്കും. കൊവിഡ് 19 സംബന്ധിച്ച് ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് രാജ്യത്ത് തന്നെ ആദ്യമായി നടക്കുന്ന പഠനമാണിത്. റിപ്പോര്‍ട്ട് ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കാനും തുടര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും ആര്‍.ജി.ഐ.ഡി.എസിന് കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

mullappally ramachandranCovid 19
Comments (0)
Add Comment