കൊവിഡ് : കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

Jaihind News Bureau
Thursday, February 25, 2021

 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കർണാടകത്തിന് പിന്നാലെ തമിഴ്‌നാടും പശ്ചിമബംഗാളുമാണ്‌ പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയ നിയന്ത്രണം. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റൈനും  ഏഴ് ദിവസം സ്വയം നിരീക്ഷണവും നിർബന്ധമാക്കി. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണം മതി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ണാടകയും ഡൽഹിയും നേരത്തെ ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാക്കിയിരുന്നു.

നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്കാണ് പശ്ചിമ ബംഗാളില്‍ നിയന്ത്രണം. കേരളം, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.  72 മണിക്കൂറിനടയില്‍ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്. ശനിയാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.