തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമെടുക്കും. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും തീരുമാനം കൈക്കൊള്ളുക.
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിരുന്ന പഞ്ചിംഗ് സമ്പ്രദായം വീണ്ടും പുനഃരാരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങ്ങായിരിക്കും ഉടന്‍ നടപ്പാക്കുന്നത്. ബയോമെട്രിക് പഞ്ചിംഗും ഉടന്‍തന്നെ പുനഃസ്ഥാപിക്കാന്‍ ആലോചനയുണ്ട്.
മ്യൂസിയങ്ങളും പാർക്കുകളും ഇന്നുമുതൽ തുറന്നുകൊടുക്കും. മ്യൂസിയങ്ങളിലെ പ്രഭാത,സായാഹ്ന സവാരികളും അനുവദിക്കും. മൃഗശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മുൻകരുതലുകൾക്കായി ഏതാനും ദിവസങ്ങൾ കൂടി എടുത്തേക്കും. കോളേജുകൾ അടുത്തമാസം നാലിന് ഭാഗികമായി തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കാനും തത്വത്തിൽ തീരുമാനമായി. കടകളും മാളുകളും സൂപ്പർമാർക്കറ്റുകളും തുറന്നിട്ടുണ്ട്.