കുവൈത്ത്: കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു പൊതു മാപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ 30 വരെയാണു ഇതിനായി സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലെഹ് ആണു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രകാരം കുവൈത്തിൽ താമസ നിയമ ലംഘകരായ മുഴുവൻ പേർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാൻ സാധിക്കും.
ഇവർക്ക് പുതിയ വിസയിൽ തിരിച്ചു വരാനും സാധിക്കുന്നതാണു. എന്നാൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി പിഴ അടച്ചു കൊണ്ട് താമസ രേഖ നിയമ വിധേയമാക്കാൻ അനുവദിക്കുന്നതല്ല.രാജ്യം വിടുന്നതിനു ഭരണപരമായോ അല്ലെങ്കിൽ കോടതി വിധികളോ തടസ്സമുള്ള താമസ നിയമ നിയമലംഘകർക്ക് വ്യവസ്ഥകൾക്കും നിയമങ്ങൾക്കും അനുസൃതമായി റെസിഡൻസ് അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ അവലോകനം നടത്തിയ ശേഷമാകും അനുമതി നൽകുക. അനുവദിച്ച സമയപരിധിക്കുള്ളിൽ രാജ്യം വിടാത്തവർക്കെതിരെ ശക്തമായ പിഴ ചുമത്തുമെന്നും മറ്റു നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും ഉത്തരവിൽ പറയുന്നു.