ജനസമൂഹമൊന്നാകെ കൊവിഡിനെതിരായ പോരാട്ടത്തില്‍, കേന്ദ്രത്തിലെയും കേരളത്തിലെയും മന്ത്രിമാര്‍ തമ്മിലടിക്കുന്നു; അപഹാസ്യമായ കാഴ്ചയെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

Jaihind News Bureau
Wednesday, April 29, 2020

 

ഇന്ത്യയിലെ ജനസമൂഹമൊന്നാകെ ഒറ്റക്കെട്ടായി കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ എല്ലാ വേർതിരിവുകളും അപ്രസക്തമാക്കുന്ന ഒരുമയോടെ ഈ മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകക്ഷികളുടെ മന്ത്രിമാരുൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ തമ്മിലടിക്കുന്നത് അപഹാസ്യമായ കാഴ്ചയാണെന്നു കോൺഗ്രസ് (ഐ) ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി.

കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും സംസ്‌ഥാന സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൊറോണ വ്യാപന പ്രതിരോധനടപടികളുടെയും അതിലെ ഏറ്റക്കുറച്ചിലുകളുടെയും ഉത്തരവാദിയാരെന്നു പരസ്പരം പഴിചാരാൻ മത്സരിയ്ക്കുന്ന കാഴ്ച്ച കേരളസമൂഹത്തിനും അതുയർത്തിപ്പിടിക്കുന്ന ഒരുമയുടെ സന്ദേശത്തെയും അപഹസിക്കുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

ഗ്രീന്‍ സോണാക്കി പ്രഖ്യാപിച്ച് ജാഗ്രതക്കുറവ് കാട്ടിയതാണ് കോട്ടയത്തും ഇടുക്കിയിലും രോഗവ്യാപനത്തിനിടയാക്കിയതെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്‌താവന അസമയത്തുള്ളതാണ്. കേന്ദ്ര വിദേശ കാര്യ വകുപ്പ് സഹമന്ത്രിയിൽ നിന്നും ഈയവസ്ഥയിൽ കേരള സമൂഹം കേൾക്കാനാഗ്രഹിക്കുന്നത് കേന്ദ്ര സർക്കാർ പ്രവാസി മലയാളികളെ തിരികെകൊണ്ടുവരുന്നതിനായി കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചാണ്, അതോടൊപ്പം തന്നെ പ്രവാസി മലയാളികൾക്ക് ഭക്ഷണവും മരുന്നും മറ്റു സൗകര്യങ്ങളും എത്തിക്കുന്നതിനായി എംബസികൾ ഏകോപനം ചെയ്യുന്നതിനെക്കുറിച്ചാണ് , അല്ലാതെ തുച്ഛമായ രാഷ്ട്രീയ പ്രസ്താവനകളല്ല. ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ലേബർ ക്യാമ്പുകളിൽ മതിയായായ സൗകര്യമില്ലാതെ വിഷമിക്കുന്നു, നാട്ടിൽ തിരികെയെത്താൻ ആഗ്രഹിക്കുന്ന ഗർഭിണികളായ പ്രവാസി സഹോദരിമാർ ആശങ്കയോടെ ഭരണാധികാരികളുടെ വാതിലിൽ മുട്ടുന്നു, ഇതിനൊക്കെയാണ് വി മുരളീധരൻ കേന്ദ്രമന്ത്രി എന്ന നിലയിൽ പ്രതികരിക്കണ്ടതും പരിഹാരത്തിനായി നടപടിയെടു‌ക്കേണ്ടത് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

പല സംസ്ഥാനങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്‌താവനയും അനുചിതവും അനവസരത്തിലുമാണ്, മഹാരാഷ്ട്ര , ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ കോവിഡ് വ്യാപനത്തിൽ നിന്ന് രക്ഷ നേടാൻ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു എന്ന വസ്തുതയെ കുറച്ചു കാണുന്നത് ശരിയായ പ്രവണതയല്ല എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു, സംസ്‌ഥാന സർക്കാരിന്റെ പി ആർ ഭ്രമം ഇനിയെങ്കിലും നിർത്തിയിട്ട് കോവിഡ് വ്യാപന പ്രതിരോധത്തിലും തിരികെ വരുന്ന പ്രവാസികളുടെ ഐസൊലേഷൻ സൗകര്യങ്ങൾ മതിയായ രീതിയിൽ ഒരുക്കുന്നതിലും , മെയ് മൂന്നിന് ശേഷമുള്ള രണ്ടാം ലോക്ക് ഡൌൺ അനന്തര ഇളവുകളുടെ ശാസ്ത്രീയമായ ആസൂത്രണത്തിലും ശ്രദ്ധ നൽകാനും കൊടിക്കുന്നിൽ സുരേഷ് എം പി നിർദേശിച്ചു.

കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരുടെ വാഗ്വാദവും തമ്മിൽത്തല്ലും പ്രസ്താവനയുദ്ധവും കാരണം നഷ്ടപ്പെടുന്നത് ഒട്ടനവധി ആരോഗ്യപ്രവർത്തകർ , ഡോക്ടർമാർ, നേഴ്‌സുമാർ , ആശുപത്രി ജീവനക്കാർ , ആശാ പ്രവർത്തകർ ഉൾപ്പെടെ അനവധിപ്പേർ തങ്ങളുടെ ആരോഗ്യവും ജീവനും തൃണവൽഗണിച്ചു നടത്തി വരുന്ന ത്യാഗഭരിതമായ പ്രവർത്തനങ്ങളുടെ മഹിമയാർന്ന നേട്ടങ്ങളാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ഓർമിപ്പിച്ചു.