ഉപദേശങ്ങളല്ല, സമഗ്രമായ നടപടികളാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകേണ്ടത്: കെ സി വേണുഗോപാൽ

Jaihind News Bureau
Thursday, April 16, 2020

K.C-Venugopal-1

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ രാജ്യവ്യാപക അടച്ചിടൽ നീട്ടാൻ തീരുമാനം എടുത്ത ഘട്ടത്തിലും , കോവിഡ് മഹാമാരിയെ നേരിടാനും , അടച്ചിടലിൽ കുടുങ്ങിപ്പോയ അഥിതി തൊഴിലാളികൾക്കും , പ്രവാസികൾക്കും ആശ്വാസം പകരുന്ന സമഗ്രമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാട് നിരുത്തരവാദിത്തപരവും പ്രതിഷേധാർഹവുമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ .

കോവിഡിനെ നേരിടാനും  അടച്ചിടലിനെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ് രംഗത്തെ കൈപ്പിടിച്ചുയർത്താനും  കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ക്ഷേമം ഉറപ്പുവരുത്താനും സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചു എന്നറിയാനാണ് ജനങ്ങളും , സംസ്ഥാന സർക്കാരുകളും ഉറ്റു നോക്കുന്നത് . അതിനു പകരം ജനങ്ങൾക്ക് ഉപദേശം നൽകാനും  എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങൾക്ക് മേൽ ചാരി കൈ കഴുകാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ അടച്ചിടൽ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കും  കോവിഡ് ഭീഷണിയിലും  തൊഴിൽ നഷ്ടത്തിലും പെട്ടുഴറുന്ന പ്രവാസികൾക്കും ആശ്വാസമേകുന്ന ഒരു വാക്ക് പോലും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് ഖേദകരമാണ് . വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥിതൊഴിലാളികൾ തൊഴിൽ നഷ്ടവും അവശ്യ സാധനങ്ങളുടെ ദൗർലഭ്യവും മൂലം തെരുവിലിറങ്ങുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുവരുന്നത് .

കടുത്ത ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുവരാൻ മുൻഗണന അനുസരിച്ചു യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനും നിഷേധാത്മകമായ നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത് . ഈ കാതലായ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി . ഇക്കാര്യങ്ങൾ കണക്കിലെടുത്തു അതിഥി തൊഴിലാളികൾക്കു ഭക്ഷണവും , അവശ്യ സാധനങ്ങളും ലഭ്യമാക്കാൻ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി സാമൂഹിക അടുക്കളകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണം . സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി വിഹിതവും , ദുരിതാശ്വാസ നിധിയിൽ നിന്ന് കൂടുതൽ സഹായവും അടിയന്തിരമായി നൽകണം . കാർഷിക വിളകൾ യഥാസമയം വിപണിയിലെത്തിക്കാനും , ചരക്കു കൈമാറ്റം സുഗമമാക്കാനും നടപടികൾ സ്വീകരിക്കണം . തൊഴിലുറപ്പു പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ചു . താഴെക്കിടയിൽ പണലഭ്യത ഉറപ്പു വരുത്താനും  പ്രവാസികളെ നാട്ടിലെത്തിക്കാനും എംബസികൾ മുഖേന അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാനും സർക്കാർ നടപടികൾ കൈക്കൊള്ളണം .  ഉപദേശങ്ങൾക്കുപരിയായി ഇത്തരം സമഗ്രമായ നടപടികളാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നു വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു .