സംസ്ഥാനത്ത് മെരുങ്ങാതെ കൊവിഡ്, ടിപിആര്‍ ഇപ്പോഴും പത്തിന് മുകളില്‍; നാല് മേഖലകളാക്കി തിരിച്ച് നിയന്ത്രണം

Jaihind Webdesk
Tuesday, June 29, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാര്യക്ഷമമായി കുറയാത്ത സാഹചര്യത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്തിന് മുകളില്‍ തുടരുന്ന പശ്ചാത്തലത്തിലും നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.

എ, ബി, സി, ഡി എന്നിങ്ങനെ നാല് മേഖലകളാക്കി തിരിച്ചാണ് നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആർ 6 മുതല്‍ 12 വരെയുള്ള പ്രദേശങ്ങള്‍ ബി, 12 മുതല്‍18 വരെയുള്ള പ്രദേശങ്ങള്‍ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാണ് തിരിക്കുന്നത്. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി വിഭാഗത്തില്‍ 473, സി വിഭാഗത്തില്‍ 318, ഡി വിഭാഗത്തില്‍ 80 എന്നിങ്ങനെയാണ് ഏരിയ തിരിച്ചുള്ള കണക്ക്. നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്24ന് മുകളിലുള്ള പ്രദേശങ്ങളെയായിരുന്നു ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ന് താഴെയാണ്. പ്രതിദിന കൊവിഡ് കണക്കുകളും ആശ്വാസത്തിന്‍റേതാണ്. കേരളത്തിലെ പ്രതിദിന കണക്ക് ഇപ്പോഴും പതിനായിരത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഡെല്‍റ്റ വകഭേദവും സംസ്ഥാനത്ത് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കണക്കുകള്‍ ആശ്വാസത്തിന് വക നല്‍കുന്നതല്ല.