കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച യന്ത്ര സാമഗ്രികളുടെ ആദ്യ ഘട്ടമായി രണ്ട് ഐ സി യു വെന്‍റിലേറ്ററുകള്‍ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായി.
വൈറസ് വ്യാപനം കൂടുതൽ രൂക്ഷമായി തുടങ്ങിയ സാഹചര്യത്തിൽ മാർച്ച് 23 നാണ് എം.പി ഫണ്ടിൽ നിന്നും വിവിധ യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനായി തുക അനുവദിച്ചത്. ഒരു ദിവസം കൊണ്ട് തന്നെ പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമാക്കിയിരുന്നു. കൊവിഡ് 19 ബാധിതരുടെ നില ഗുരുതരമായാല്‍ അത്യാവശ്യമായി വേണ്ടത് വെന്‍റിലേറ്ററുകളാണ്. ഇത് പരിഗണിച്ചാണ് 7 ദിവസത്തിനുള്ളിൽ 2 വെന്‍റിലേറ്ററുകള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
ഇതോടൊപ്പം തുക അനുവദിച്ച ഇ സി എം ഒ മെഷിൻ, നോൺ ഇൻവാസിവ് വെന്‍റിലേറ്ററുകള്‍, മൾട്ടിപാര മോണിറ്റർ വിത്ത് കാപ്നോഗ്രാം ആൻഡ് ഡ്യുൽ ഐ ബി പി മെഷിനുകൾ, സി ആർ റീഡർ എന്നിവ ഉടൻ എത്തിക്കുന്നതിനുള്ള നിർദേശവും എം.പി നല്‍കിയിട്ടുണ്ട്.
പ്രായമായവർക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള വെന്‍റിലേറ്ററുകളാണ് സജ്ജമാക്കിയത്. രാജ്യത്ത് ആകമാനം ലോക്ഡൗൺ നില നിലനില്‍ക്കുന്നതിനാല്‍ വെന്‍റിലേറ്ററുകളുടെ ലഭ്യത ഏറെ പ്രയാസകരമായിരുന്നെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടർ എസ്.സുഹാസിന്‍റെയും മെഡിക്കൽ കോളേജ് അധികൃതരുടെയും പരിപൂർണ്ണ പിന്തുണ ഉണ്ടായിരുന്നതായും എം.പി പറഞ്ഞു.