ശ്വാസം മുട്ടി രാജ്യം ; രണ്ടാം വ്യാപനത്തെ നേരിട്ടത് തയാറെടുപ്പില്ലാതെ ; വീഴ്ച

Jaihind Webdesk
Saturday, April 24, 2021

 

ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ അധികാര കേന്ദ്രങ്ങളുടെ പിടിപ്പുകേടും തുറന്നുകാട്ടപ്പെടുകയാണ്. പ്രാണവായുവിനായി പരക്കം പായുന്ന അവസ്ഥയിലാണ് രാജ്യം. രണ്ടാം തരംഗത്തെ ഗൌരവത്തിലെടുക്കാന്‍ കേന്ദ്രം തയാറാകാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് ഉയരുന്ന വിമർശനം. രോഗത്തിന്‍റെ രണ്ടാം വ്യാപനത്തെ ഒരു പരിധി വരെയെങ്കിലും ലാഘവത്തോടെ കണ്ടത് രാജ്യത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിച്ചു.

പന്ത്രണ്ടോളം സംസ്ഥാനങ്ങളും ഒട്ടേറേ നഗരങ്ങളും കൊവിഡിന്‍റെ കടന്നാക്രമത്തില്‍ അക്ഷരാർത്ഥത്തില്‍ ശ്വാസം മുട്ടുകയാണ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജന്‍ ലഭിക്കാതെ നിരവധി കൊവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നത് നൊമ്പരവും ഭീതിയും സമ്മാനിക്കുന്നതായി. വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കുന്നില്ലേ എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചത്. പ്രാണവായുവിന്‍റെ ലഭ്യത ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. 20 സംസ്ഥാനങ്ങൾക്ക് 6786 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ അനുവദിച്ചെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവകാശപ്പെട്ടത്. എന്നാൽ രാജ്യതലസ്ഥാനത്ത് പോലും ഓക്സിജൻ ലഭ്യത പ്രതിസന്ധിയിലാണെന്നതാണ് യാഥാർത്ഥ്യം.

ഒന്നാം വരവിനെ വിജയകരമായി കീഴടക്കിയെന്നും പ്രതിരോധ വാക്സിൻ രംഗത്ത് ഇന്ത്യ നേട്ടം കൈവരിച്ച് ലോകത്തിന് മാതൃകയായെന്നുമുള്ള പ്രചാരണത്തിനിടയിൽ രണ്ടാം വ്യാപനത്തെ നേരിടാനുള്ള തയാറെടുപ്പുകൾ ഭരണകൂടങ്ങൾ നടത്തിയില്ല. മൂന്ന് മാസത്തോളം സമയം ലഭിച്ചിട്ടും ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കാൻ നടപടികളുണ്ടായില്ല. പുതിയ ആശുപത്രികളോ ഡിസ്പെൻസറികളോ ഓക്സിജൻ പ്ലാന്‍റുകളോ സ്ഥാപിച്ചില്ല. നിലവിലുള്ളവ കാര്യക്ഷമമാക്കിയില്ല. രോഗവ്യാപനം ചെറുതായി കുറഞ്ഞപ്പോള്‍ കാര്യങ്ങള്‍ ലാഘവത്തോടെ കണ്ടതാണ് വലിയ തിരിച്ചടിയായത്. ഒരു സാധാരണ രോഗിക്ക് ഓരോമിനിറ്റിലും അഞ്ചുമുതൽ ആറ് ലിറ്റർ വരെയും കൊവിഡ് രോഗികൾക്ക് 60 ലിറ്റർ വരെയും ഓക്സിജന്‍ ആവശ്യമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്താണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വർധനവാണിത്. രണ്ടാം വ്യാപനത്തെ സർക്കാരുകൾ ഗൗരവത്തിലെടുക്കാതിരുന്നതാണ് നില ഗുരുതരമാക്കിയതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.