കൊവിഡ് നിയന്ത്രണം : ദുബായില്‍ റഡാര്‍ വഴി പിഴ ലഭിച്ചവര്‍ തെളിവായി യാത്രാ രേഖയും ബില്ലുകളും സൂക്ഷിക്കണം ; അനുമതി ഇല്ലാത്തവര്‍ക്ക് പിഴ തുടരും

 

ദുബായ് : കോവിഡ് -19 പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ, ദുബായില്‍ ആരംഭിച്ച 24 മണിക്കൂര്‍ നിയന്ത്രണത്തിന്റെ ഭാഗമായി റഡാര്‍ അടിയ്ക്കുന്ന വാഹന ഉടമകള്‍ക്ക് ടെന്‍ഷന്‍ വേണ്ട !. ദുബായ് ഗവര്‍മെന്റ് പ്രത്യക അനുമതി നല്‍കിയ കമ്പനികള്‍ക്ക് ( പട്ടികയിലെ പറയുന്ന വിഭാഗങ്ങള്‍ ) റഡാര്‍ വഴി ലഭിക്കുന്ന ഇത്തരം വാഹന പിഴകള്‍ ഒഴിവാക്കാന്‍, സ്ഥാപനങ്ങള്‍ ബില്ലുകളും രസീതുകളും സൂക്ഷിച്ച് വെയ്ക്കണമെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. നിരവധി വാഹന യാത്രകാര്‍ക്ക് ഞായറാഴ്ച രാവിലെ മുതല്‍ റഡാര്‍ വഴി ട്രാഫിക് പിഴകള്‍ ലഭിച്ചതോടെയാണ് പൊലീസിന്റെ വിശദീകരണം. ഒരാള്‍ക്ക് പലതവണ വരെ ഇത്തരത്തില്‍ പിഴ ലഭിച്ചിരുന്നു.

അടിയന്തര ആവശ്യങ്ങള്‍ക്കും അനുമതിയുള്ള ജോലി ചെയ്യുന്നവരുമായ ദുബായ് നിവാസികള്‍, തങ്ങളുടെ ഇത്തരം പിഴകള്‍ പിന്നീട് അവലോകനം ചെയ്യാനായാണ് സൂക്ഷിച്ച് വെയ്‌ക്കേണ്ടത്. ആശുപത്രി ബില്ലുകള്‍, പലചരക്ക് ഷോപ്പിംഗ് ബില്ലുകള്‍, മറ്റു കമ്പനി ആവശ്യപ്രകാരമുള്ള രേഖകള്‍ എന്നിവ പോലുള്ള തെളിവുകള്‍ ഇതിനായി വൃത്തിയായി സൂക്ഷിക്കണമെന്നും ദുബായ് പോലീസ് നിര്‍ദേശിച്ചു.

അതേസമയം, അവശ്യവസ്തുക്കളോ മരുന്നുകളോ വാങ്ങുന്നതിനും സുപ്രധാന മേഖലകളില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ്. അതേസമയം, ജോലിയ്ക്ക് പോകാത്തവരും, ഈ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായവര്‍, ഈ സമയം പുറത്ത് ഇറങ്ങിയാല്‍ പിഴ ലഭിക്കും. ഇത്തരം പിഴകള്‍ക്ക് ഇളവുകള്‍ ഉണ്ടാകില്ല. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായുള്ള, അണുനശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അടുത്ത രണ്ടാഴ്ചത്തേക്കാണ്, ദുബായില്‍ നിയന്ത്രണം. ഈ സമയം എല്ലാവരും 24 മണിക്കൂര്‍ സമയം പുറത്തിറങ്ങാതെ കഴിയണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Comments (0)
Add Comment