കൊവിഡ് ഡിസ്‌ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ; ഗുരുതര രോഗലക്ഷണമില്ലാത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

Jaihind Webdesk
Monday, April 26, 2021

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. നിലവിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ്.

ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ.

കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കിടക്കകൾ നിറയാതിരിക്കാൻ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും. കേരളത്തിൽ തുടർച്ചയായി കാൽ ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പിന് മേൽ സൃഷ്ടിച്ചിരിക്കുന്നത്.