തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്. രോഗവ്യാപനം കുറയുമ്പോഴും മരണനിരത്ത് ഉയര്‍ന്നു നില്‍ക്കുന്നതാണ്ആശങ്ക ഉയര്‍ത്തുന്നത്. എങ്കിലും ലോക്ക്ഡൗണ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനാണ് സാധ്യത. അതേസമയം നിയന്ത്രണങ്ങള്‍ തുടരണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ഇന്ന് വൈകിട്ട് ചേരുന്ന ഉന്നതാധികാരസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതം തകരുമെന്നും ചികിത്സാ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്ന രോഗികളുടെ എണ്ണത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനാല്‍ പരിശോധനയിലും ചികിത്സയിലും കൂടുതല്‍ ശ്രദ്ധചെലുത്തി അണ്‍ലോക്കിംഗ് ആരംഭിക്കാവുന്നതാണെന്നും വിദഗ്ധ അഭിപ്രായങ്ങളുണ്ട്. രോഗവ്യാപനം ക്രമമായി കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് ലോക്ക്ഡൗണ്‍ തുടരണമെന്ന വാദത്തിന് അടിസ്ഥാനം. അഞ്ച് ആഴ്ചയായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്ത് ഒരു വിഭാഗം ജനങ്ങള്‍ തീര്‍ത്തും ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തില്‍ ഇളവുകള്‍ അനുവദിച്ചേക്കാനാണ് സാധ്യത.
അങ്ങനെയെങ്കില്‍ പൊതുഗതാഗതം അനുവദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥാപനങ്ങളും തുറന്നേക്കും. ജില്ലകള്‍ കടന്നുള്ള യാത്രയും ഓട്ടോ ടാക്സിയടക്കം പൊതുഗതാഗതവും അനുവദിച്ചേക്കും. ഹോട്ടലുകളില്‍ നിബന്ധനകളോടെ ഭക്ഷണം നല്‍കും. ബാര്‍ബര്‍ ഷോപ്പുകളടക്കം കൂടുതല്‍ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനും അനുവദിച്ചേക്കും. എന്നാല്‍ മദ്യശാലകള്‍ തുറന്നേക്കില്ല.
ലോക്ക്ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് സംഭവിക്കുന്നുണ്ട്. 12.24 ആയിരുന്നു ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗവ്യാപനം കുറയുമ്പോഴും കഴിഞ്ഞ ആറ് ദിവസത്തിനിടെ 1024 മരണമാണ്ഉണ്ടായത്. ഇന്ന് വൈകിട്ട് ചേരുന്ന ഉന്നതാധികാരസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയാനാകും.