കൊവിഡ് മരണക്കണക്ക് : സഭയില്‍ പരസ്പരവിരുദ്ധ മറുപടിയുമായി മന്ത്രി എം.വി ഗോവിന്ദന്‍

Jaihind Webdesk
Monday, August 9, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് സംബന്ധിച്ച് നിയമസഭയില്‍ പരസ്പരവിരുദ്ധ മറുപടിയുമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍. കൊവിഡ് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക കോംബോ ഉള്‍പ്പെടുത്തിയെന്ന് ഒരു മറുപടിയില്‍ പറയുമ്പോള്‍ കൊവിഡ് മരണക്കണക്ക് ആരോഗ്യവകുപ്പാണ് സുക്ഷിക്കുന്നതെന്നായിരുന്നു മറ്റൊരു മറുപടി.

പതിനഞ്ചാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ജുണ്‍ ഏഴിന് അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് കൊവിഡ് മരണക്കണക്ക് സംബന്ധിച്ച ചോദ്യം സഭയില്‍ ഉന്നയിച്ചത്. 4.05.2021 മുതല്‍ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിന് സോഫ്റ്റ് വെയറില്‍ പ്രത്യേക കോംബോ ഉള്‍പെടുത്തിയിട്ടുണ്ടെന്നായിരുന്നു രേഖാമൂലം മന്ത്രി എം.വി ഗോവിന്ദന്‍ മറുപടി നല്‍കിയത്. അതിന് മുന്‍പ് കൊവിഡ് മരണങ്ങള്‍ മറ്റുള്ളവ എന്ന കോളത്തില്‍ മരണകാരണം കൊവിഡ് എന്നാണ് രേഖപ്പെടുത്തിയിരുന്നത് എന്നും മന്ത്രി വിശദീകരിച്ചിരുന്നു.

എന്നാല്‍ ഒരു മാസം കഴിഞ്ഞ് ചേര്‍ന്ന രണ്ടാം സമ്മേളനത്തില്‍ ജൂലായ് 28ന് തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുളള ജില്ല തിരിച്ചുള്ള കൊവിഡ് മരണനിരക്ക് സംബന്ധിച്ച ചോദ്യത്തിന് കൊവിഡ് മരണക്കണക്കുകള്‍ സുക്ഷിക്കുന്നത് ആരോഗ്യവകുപ്പാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സണ്ണി ജോസഫ് ആയിരുന്നു ഇത് സബന്ധിച്ച ചോദ്യം നിയമസഭയില്‍ ഉന്നയിച്ചത്.

കൊവിഡ് മരണനിരക്ക് കുറച്ച് കാണിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് തദ്ദേശമന്ത്രിയുടെ വ്യത്യസ്തമായ മറുപടികള്‍. ജൂലായ് 28ന് സജീവ് ജോസഫ് ഉള്‍പ്പെടയുള്ളവരുടെ ചോദ്യത്തിന് ആകെ മരണങ്ങള്‍ മാത്രമാണ് തദ്ദേശവകുപ്പിന്റെ സേവന പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതെന്നും കൊവിഡ് മരണങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജും മറുപടി നല്‍കിയിരുന്നു.