രാജ്യത്ത് കൊവിഡ് മരണനിരക്ക് കൂടുന്നു, ഒറ്റ ദിവസം 871 മരണം; 2.35 ലക്ഷം പുതിയ കേസുകള്‍

Jaihind Webdesk
Saturday, January 29, 2022

 

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ്  മരണനിരക്ക് ഉയരുന്നു. ഒറ്റ ദിവസം 871 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,35,530 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മൂന്നാം തംരഗത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 3,35,939 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്.

16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞുവെന്നത് ചൂണ്ടിക്കാട്ടി രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതായി വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം ഇനിയും കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കേരളത്തില്‍ രോഗവ്യാപനം പാരമ്യത്തിലാണ്.