കൊവിഡ് : ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല ; ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞു

Jaihind Webdesk
Tuesday, April 27, 2021

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ ആവശ്യത്തിന് സ്ഥലമില്ലാതെ  ഡല്‍ഹി. നിലവില്‍ ദിനംപ്രതി 350ലേറെ പേരാണ് ഡല്‍ഹിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കൊവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടത്തും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താത്കാലിക ശ്മശാനങ്ങള്‍ സജ്ജമാക്കുകയാണ് അധികൃതര്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയില്‍ സംസ്‌കാരത്തിനായി നൂറിലേറെ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.

എല്ലായിടത്തും ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങള്‍ സംസ്‌കരിക്കേണ്ട സാഹചര്യമാണ്. മുഴുവന്‍ ശ്മശാനങ്ങള്‍ക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും നീണ്ടനിര കാണാം. മരണസംഖ്യ ഉയര്‍ന്നതോടെ ശ്മശാനങ്ങളില്‍ സംസ്‌കാര ജോലികള്‍ ചെയ്യുന്നവരുടെ ജോലിഭാരവും വര്‍ധിച്ചു. ഇതോടെ പലയിടത്തും മൃതദേഹങ്ങള്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി കുടുംബാഗംങ്ങളും സഹായിക്കുന്നതാണ് കാഴ്ച.