ഉത്തരേന്ത്യയില്‍ കുതിച്ചുയർന്ന്  കൊവിഡ്  മരണങ്ങള്‍ ; പൊതുശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞു ; ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മരണനിരക്ക് ഉയരാന്‍ സാധ്യത

Jaihind Webdesk
Thursday, April 15, 2021

ഉത്തരേന്ത്യയില്‍ കുതിച്ചുയർന്ന്  കൊവിഡ്  മരണങ്ങള്‍. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രാജ്യത്ത് മരണനിരക്ക് ഇനിയും ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഝാര്‍ക്കണ്ഡ് എന്നിവിടങ്ങളില്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് കൊവിഡ് മൂലം മരിക്കുന്നത്. ഡല്‍ഹി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും പൊതുശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആംബുലന്‍സുകള്‍ ദിവസ വേദനത്തിന് നല്‍കുന്നത് വ്യാപകമായിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഒരു ദിവസത്തെ ആംബുലന്‍സ് വാടക പതിനായിരം രൂപയാണ്. ലക്‌നൗവിലെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേയ് ഒന്നുവരെയാണ് നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.

പൊതുശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞതോടെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ആശുപത്രികളും നിറഞ്ഞതോടെ ചികില്‍സയ്ക്കും വലിയ പ്രതിസന്ധി നേരിടുകയാണ്. മുംബൈയില്‍ ക്രിക്കറ്റ് താരങ്ങളും മറ്റ് സെലിബ്രിറ്റികളും സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ കയ്യടക്കിക്കഴിഞ്ഞെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.

രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,00,739 പേര്‍ക്ക് പോസിറ്റീവായി. 1,038 പേര്‍ മരിച്ചു. വ്യാഴാഴ്ച 93,528 പേര്‍ രോഗമുക്തരായി. 11,44,93,238 പേര്‍ക്ക് വാക്‌സിനേഷന്‍ എടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.