രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍; രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വയ്ക്കുന്നുവെന്നും വിദഗ്ധര്‍, കേന്ദ്രവാദം പൊളിയുന്നു

 

രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍. രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യ വിദഗ്ധരുടെ സംഘടന സംയുക്ത പ്രസ്താവന പുറത്തിറക്കി. സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം ഇതോടെ പൊളിയുകയാണ്.   ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ് എന്നീ സംഘടനകളാണ് കേന്ദ്ര നടപടികളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കൊവിഡ്  രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വയ്ക്കുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ആരോഗ്യരംഗത്ത് പരിചയസമ്പത്തുള്ളവരുടെ സേവനത്തിന് പകരം അക്കാദമിക് വിദഗ്ധര്‍ പൊതുസംവിധാനത്തില്‍നിന്നു ലഭിക്കുന്ന പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപദേശങ്ങളാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചതെന്നും  ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതിന്‍റെ  വിലയാണ്  രാജ്യം ഇപ്പോള്‍ നല്‍കേണ്ടിവരുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ ഇവര്‍ കുറ്റപ്പെടുത്തുന്നു.

രോഗവ്യാപനം ചെറിയതോതിലായിരുന്ന ആദ്യഘട്ടത്തില്‍ത്തന്നെ അതിഥിതൊഴിലാളികളെ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയാണ്. ഇത് ഒഴിവാക്കണമായിരുന്നു. പൊതുആരോഗ്യ സംവിധാനം ദുര്‍ബലമായ ഗ്രാമീണമേഖലകളില്‍ ഇത്തരത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മറ്റു ചികിത്സ തേടിയിരുന്നവര്‍ക്കു തിരിച്ചടിയായെന്നും പ്രസ്താവനയില്‍ പറയുന്നു.

 

 

Comments (0)
Add Comment