ലോക്ഡൗണ്‍: ഭക്ഷണം ലഭിക്കാതെ വലയുന്നവരെ സഹായിക്കാന്‍ ദേശീയ ആസ്ഥാനം തന്നെ കമ്മ്യൂണിറ്റി കിച്ചണാക്കി മാറ്റി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Friday, April 10, 2020

ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ വലയുന്ന മനുഷ്യരെ സഹായിക്കാന്‍ ദേശീയആസ്ഥാനം തന്നെ കമ്മ്യൂണിറ്റി കിച്ചണാക്കി മാറ്റി  യൂത്ത് കോണ്‍ഗ്രസ്. ഡല്‍ഹി റെയ്‌സീന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും മുഴുവന്‍ സമയവും ഭക്ഷണവും കുടിവെള്ളവും ലഭ്യമാകും. കിച്ചണില്‍ എത്തിച്ചിട്ടുള്ള ചപ്പാത്തി മെഷീനിലൂടെ മണിക്കൂറില്‍ ആയിരം ചപ്പാത്തി വരെ ഉണ്ടാക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.  കൊവിഡ് മഹാമാരിക്കെതിരെ നാമെല്ലാവരും മുന്നോട്ട് വരുകയും നമ്മുടെ പങ്ക് നിര്‍വ്വഹിക്കുകയും വേണം. ഈ സമയത്ത് കൂട്ടായും ശക്തിയോടെയും നിലകൊള്ളാന്‍ രാജ്യം ആവശ്യപ്പെടുന്നുണ്ടെന്നും ഒരുമിച്ച് നിന്നാല്‍ നമുക്ക് രോഗത്തെ തോല്‍പ്പിക്കാന്‍  കഴിയൂവെന്നും  ബി.വി ശ്രീനിവാസ് പറഞ്ഞു. ഭക്ഷണവും വൈദ്യസഹായവും അവശ്യസാധനങ്ങളും ലഭ്യമാകാതെ  ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ പ്രചാരണ പരിപാടികൾ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.