കൊവിഡ് കുതിപ്പില്‍ സൈഡൊതുക്കി കെ.എസ്.ആർ.ടി.സി ഇന്ന് ആരംഭിക്കാനിരുന്ന ദീർഘദൂര സർവീസുകള്‍ റദ്ദാക്കി

 

ഇന്ന് ആരംഭിക്കാനിരുന്ന കെ.എസ്‌.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. കണ്ടെയ്ൻമെന്‍റ് സോണുകൾ വർധിച്ചുവരുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ഇനി പുതിയൊരു അറിയിപ്പ് വരുന്നത്ത് വരെ ദീര്‍ഘ ദൂര യാത്രകള്‍ വേണ്ട എന്നാണ് നിലവിലെ തീരുമാനം. കൂടാതെ ഇന്നലത്തെ കൊവിഡ് രോഗികളുടെ കണക്കും വര്‍ധിച്ചു. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രകള്‍ പരിമിതപ്പെടുത്തുകയാണ് നല്ലത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇക്കാര്യം ഗതാഗതമന്ത്രിയെ അറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ മതിയെന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്‌തു.

സംസ്ഥാനത്ത് കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘദൂര പൊതുഗതാഗതം കൂടുതല്‍ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സര്‍വീസ് നിര്‍ത്താനൊരുങ്ങുന്ന സ്വകാര്യ ബസുടമകള്‍ നിലപാട് പുനഃപരിശോധിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് ബസ് ഉടമകള്‍ എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസുകള്‍ ഇല്ലാതാകും. ഇത് കെ.എസ്‌.ആര്‍.ടി.സിയേയും ഇല്ലാതാക്കും. പരാമാവധി ചെയ്യാന്‍ കഴിയുന്ന സഹായം സ്വകാര്യ ബസുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട് എന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

Comments (0)
Add Comment