രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു: 31 ശതമാനവും കേരളത്തില്‍; ജാഗ്രതാ നിർദേശം നല്‍കി കേന്ദ്രം

Jaihind Webdesk
Saturday, June 4, 2022

ന്യൂഡല്‍ഹി : രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 3,962 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് സ്ഥിരീകരിച്ചവരിൽ 31 ശതമാനവും കേരളത്തിലാണ്. ഇതേത്തുടർന്ന് കേരളം ഉൾപ്പെടെയുള്ള 5 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ 22,416 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 2,967 പേർ രോഗമുക്തരായി.
അതേസമയം പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിൽ 11 ജില്ലകളിൽ രോഗികളുടെ എണ്ണം ഉയരുന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 6 ജില്ലകളിലും തമിഴ്‌നാട്ടിൽ രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും കരുതല്‍ ഡോസ് എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലുള്ളത്. ഈ ജില്ലകൾ പ്രത്യേകം ശ്രദ്ധ പുലർത്തണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. അനുബന്ധ രോഗങ്ങളുള്ളവർക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ  പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. പ്രദേശികമായി വാക്സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിൻ എടുക്കുന്നു എന്നുറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.