പിടിയിലൊതുങ്ങാതെ കോവിഡ്; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു  നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഡെല്‍റ്റ പ്ലസ് വകഭേദങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചെറിയ അലംഭാവം പോലും വലിയ അപകടകരമായേക്കും എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

കൊവിഡ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച് പ്രാദേശികമായി കർശന നിയന്ത്രണങ്ങൾ വേണമെന്ന നിർദേശമാണ് വിദഗ്ധർ മുന്നോട്ടു വച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ൽ കൂടുതലുള്ളയിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തന്നെ വേണം. 10 മുതല്‍ 15 വരെ ഉള്ളിടങ്ങളില്‍ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണം. ടിപിആർ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായിരിക്കും ഇളവുകൾ അനുവദിക്കുക. നിലവിൽ പോസിറ്റിവിറ്റി നിരക്ക് 24ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണമുള്ളത്.

രാജ്യമൊട്ടാകെയുള്ള കണക്ക് പരിശോധിച്ചാല്‍ കേരളത്തിലെ പ്രതിദിന കണക്കുകള്‍ ഏറെ ഉയര്‍ന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ അമ്പതിനായിരത്തില്‍ താഴെ മാത്രമാണ്. കേരളത്തില്‍ ഇപ്പോഴും പ്രതിദിന കേസുകള്‍ പതിനായിരത്തിന് മുകളിലാണ്. ടിപിആറും പത്തിന് മുകളില്‍ തുടരുകയാണ്.

Comments (0)
Add Comment