സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു: ഒരു ദിവസത്തിനിടെ ഇരട്ടിയിലധികം വർധന, രണ്ടു മരണം

 

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ മാത്രം 292 പേര്‍ക്കാണ് സംസ്ഥാനത്ത്  കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച 115 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഇടവേളയിലാണ് ഇത് ഇരട്ടിയലധികമായി ഉയർന്നിരിക്കുന്നത്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ദില്ലിയില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ തിങ്കളാഴ്ച 1749 ആയിരുന്ന ആക്ടീവ് കേസുകളാണ് ചൊവ്വാഴ്ച 2041 ആയി ഉയര്‍ന്നത്. ഇന്നലെ രാജ്യത്താകെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍ 88 ശതമാനത്തിലധികവും കേരളത്തിലാണ്. അതേസമയം കേസുകള്‍ ഉയരുമ്പോഴും സർക്കാർ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസുമായി ബന്ധപ്പെട്ട യാത്രയിലാണ്. കൂടുതല്‍ പരിശോധന നടത്തുന്നതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

Comments (0)
Add Comment