സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകള്‍ ; പ്രതിരോധ പ്രവർത്തനങ്ങളില്‍ വീഴ്ചയെന്ന് ആരോപണം

Jaihind Webdesk
Friday, September 3, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്നത് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയെന്ന് ആരോപണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന് സമ്പർക്ക വ്യാപനം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതാണ് വ്യാപനത്തിന്‍റെ പ്രധാന കാരണം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനം ആയി കേരളം മാറുകയാണ്. രണ്ടാം തരംഗത്തിൽ കേരളത്തിൽ രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. രോഗ പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചയാണ് കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരാൻ പ്രധാന കാരണം എന്നാണ് ആരോപണം. രോഗബാധിതരായി വീട്ടിൽ കഴിയുന്നവർ വീട്ടിലുള്ള മറ്റുള്ളവരുമായുള്ള സമ്പർക്ക വ്യാപനം തടയാൻ കൃത്യമായ നടപടികൾ ഉണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളും കാര്യമായി ഇടപെട്ടില്ല. രോഗികൾ ഓരോ ദിവസവും വർധിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം 32000 പിന്നിട്ടു.

അതേസമയം രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ യോഗത്തിൽ സംസാരിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ച്, മുഴുവൻ ജനപ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.