കൊവിഡ് പ്രതിരോധം: തുടർപ്രവർത്തനങ്ങള്‍ വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണം; മുഖ്യമന്ത്രിക്ക് ബെന്നി ബെഹനാന്‍ എം.പിയുടെ കത്ത്

Jaihind News Bureau
Friday, July 31, 2020

സംസ്ഥാന സർക്കാരിന്‍റെ  നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമ്പൂർണ്ണമായി പരാജയപ്പെട്ട സാഹചര്യത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധന്മാർ, സാമ്പത്തിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടുന്ന വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന്‍ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ബെന്നി ബെഹനാന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂർണരൂപം

ബഹു . മുഖ്യമന്ത്രി,

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമ്പൂർണ്ണമായി പരാജയപ്പെട്ട സാഹചര്യത്തിൽ, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധന്മാർ, സാമ്പത്തിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടുന്ന ഒരു വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണം എന്നഭ്യർത്ഥിക്കാനാണ് ഈ കത്ത് .

കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 6 മാസം പൂർത്തിയായിരുന്നു. മെയ് മാസത്തിന്റെ തുടക്കത്തോടെ കോവിഡ് എന്ന പകർച്ച വ്യാധിയെ കേരളം കീഴടക്കി എന്ന നിലവിലുള്ള ശക്തമായ പ്രചാരണങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്ത് വരികയുണ്ടായി .ജനുവരി 30 മുതൽ മെയ് 2 വരെ കേരളത്തിൽ 162 പേർക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിക്കുകയുണ്ടായത്. എന്നാൽ ജൂലൈ 28 ഓടെ, രോഗം സ്ഥിതീകരിക്കപ്പെട്ടവരുടെ എണ്ണം 20,894 ആയി കുത്തനെ ഉയർന്നു.

മെയ് 2 ന് വെറും 2 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത് . എന്നാൽ, ജൂലായ് 28 ന് മാത്രം കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത് 1167 പേർക്കാണ്. കേരളത്തിൽ ആദ്യത്തെ 1000 പേരിൽ രോഗമെത്താൻ 118 ദിവസങ്ങളാണ് എടുത്തത് . രണ്ടാത്തെ 1000 പേരിലേക്ക് രോഗികളിലെത്താൻ 9 ദിവസവും,മൂന്നാമത്തെ 1000 പേരിൽ രോഗമെത്താൻ വെറും 4 ദിവസവുമാണ് എടുത്തത്. എന്നാൽ പിന്നീട് കണ്ടത് ഒരൊറ്റ ദിവസം കൊണ്ട് രോഗം 1000ത്തിലധികം പേരിലെത്തി എന്നാണ്.

കേരളത്തിലുള്ള ആകെ രോഗികളിൽ 78.7% പേർക്കും (16,452) ജൂലായ് മാസത്തിലാണ് രോഗം ബാധിച്ചത് എന്നത്, തീവ്രമായ രോഗവ്യാപനമാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ കോവിഡ് രോഗവാഹകർ പ്രവാസികൾ ആണ് എന്നതായിരുന്നല്ലേ, അങ്ങയുടെ തന്നെ നേതൃത്വത്തിൽ നടന്ന പ്രചരണം? എന്നാൽ വിദേശത്തു നിന്നും ഇത് വരെ കേരളത്തിൽ എത്തിയ ദലക്ഷത്തിലധികം പേരിൽ, കേവലം 1.7% പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മറുഭാഗത്ത്, കേരളത്തിൽ ആകെയുള്ള 20,894 രോഗികളിൽ 56% പേർക്കും (11,756 പേർക്കും) രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. കോവിഡ് രോഗം കേരളത്തിൽ കാട്ടുതീപോലെ പടരുകയാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത് .

കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും കുത്തനെ കൂടുകയാണ്. ഇത് വരെ രോഗം ബാധിച്ച് മരിച്ച 67 പേരിൽ 43 പേരും (64%) ജൂലായ് മാസത്തിലാണ് .മരിച്ച 67 പേരിൽ 14 പേർക്കും (21 %) അനുബന്ധ രോഗങ്ങളില്ലായിരുന്നു എന്നത്, സ്ഥിതി അതിഗുരുതരമാണ്‌ എന്നതിന്റെ സൂചനയാണ്.

ഉറവിടമാറിയാത്ത രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. സർക്കാർ കണക്ക് പ്രസിദ്ധികരിച്ച് തുടങ്ങിയ ജൂലായ് 13 മുതൽ ജൂലായ് 28 വരെയുള്ള ദിവസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്ത ഉറവിടമാറിയാത്ത രോഗികളുടെ എണ്ണം 685 ആണ്. അതിൽ 59% (407) പേർക്കും രോഗം ബാധിച്ച് കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ്. സമാന്തരമായി, ആരോഗ്യപ്രവത്തകർക്കിടലും കുത്തനെ രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നു. ജൂലായ് 1-28 കാലഘട്ടങ്ങളിൽ 260 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത് ഇതിൽ 61% (161) പേർക്കും രോഗം ബാധിച്ചത് കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ്. കോവിഡ് രോഗികളുമായി ഇടപെടുന്ന ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല, അല്ലാതെയുള്ള രോഗ ബാധിതരുമായി ഇടപെടുന്ന ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗം വ്യാപിക്കുന്നത്, വലിയ ആപത് സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ രോഗം കടിഞ്ഞാണില്ലാത്ത പടരുകയാണ്. ജൂലായ് 13 നാണ് തീരപ്രദേശത്തെ 16 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി, റെഡ് കളർ കോവിഡ് പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.ഇപ്പോഴും അവിടങ്ങളിൽ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ സ്ഥിതി സ്ഫോടനാത്മകമാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാരിന്റെ തന്നെ കണക്കുകൾ പ്രകാരം, തിരുവനന്തപുരം ജില്ലയിൽ പരിശോധനക്ക് വിധേയമാകുന്ന 18 ൽ ഒരാൾ രോഗ ബാധിതനാണ് എന്ന് അങ്ങ് തന്നെ പറയുകയുണ്ടായല്ലോ ?. (സംസ്ഥാനത്ത് ഇത് 36 ൽ ഒരാൾക്കാണ് ). തിരുവനന്തപുരത്തു മാത്രമല്ല, മറ്റ് ജില്ലകളിലും കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം അപകടകരമാവിധം വർധിക്കുകയാണ് എന്നും ക്ലസ്റ്ററുകൾക്കുള്ളിലെ രോഗവ്യാപനവും വർധിക്കുകയാണ് എന്ന് അങ്ങ് വ്യക്തമാക്കിയിരുന്നു .

രോഗികളെ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളുടെ എണ്ണം പതിന്മടങ്ങ് വർധിപ്പിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാൽ രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്ന പരാതി ഉയർന്നിരിക്കുകയാണ്. ഉദാഹരണത്തിന്, രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും, കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 10481 ടെസ്റ്റുകളാണ് നടന്നത്. ( അതായത് ഒരു ജില്ലയിൽ ശരാശരി 750 ടെസ്റ്റുകൾ മാത്രം ). മറുഭാഗത്ത്, ടെസ്റ്റുകൾക്ക് അയയ്ക്കുന്ന സാമ്പിളുകളിൽ 35 മുതൽ 40 ശതമാനത്തോളം സാമ്പിളുകളുടെ ഫലം തിരികെ വരുന്നില്ല എന്നതും അപകടസൂചനയാണ്.

മുകളിൽ സൂചിപ്പിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടു എന്നതാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ ഉയർന്നു കൊണ്ടിരിക്കുന്നു. രോഗം ബാധിക്കാനിടയുള്ള വിഭാഗങ്ങളെ മുൻകൂട്ടി കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ സെന്റിനൽ സർവയ്ലൻസ് ടെസ്റ്റിംഗുകളുടെ ഫലം പൂഴ്ത്തിവച്ചതാണ്, രോഗം കടിഞ്ഞാണില്ലാതെ വർധിക്കാനുള്ള ഏറ്റവും പ്രധാന കാരണം. ഈ 3 ടെസ്റ്റിംഗുകളുടെയും ഫലം പ്രഖ്യാപിക്കുകയും, അതിനനുസൃതമായി റിസ്ക് ഗ്രൂപ്പുകൾക്കിടയിൽ രോഗവ്യാപനത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരി എങ്കിൽ, ഇന്ന് സംസ്ഥാനം നേരിടുന്നത് പോലെയുള്ള അതീവ ഗുരുതര സാഹചര്യം ഉരുത്തിരിയുകകയില്ലായിരുന്നു. ഈ പശ്ചാത്തലത്തിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റെ മാത്രം നേതൃത്വത്തിൽ മുന്നോട്ട് പോയാൽ, സാഹചര്യം ഇനിയും കൂടുതൽ വഷളാവുകയും രോഗവ്യാപനം നിയന്ത്രണാതീതമാകുകയും ചെയ്യും. അതുകൊണ്ട് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ, സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പൊതുജനാരോഗ്യരംഗത്തെ വിദഗ്ദ്ധർ, പൊതുജനാരോഗ്യവുവമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിലും അന്താരാഷ്ട്ര സംഘടനകളിലുമൊക്കെ പ്രവർത്തിച്ചു പരിചയമുള്ളവർ, സാമ്പത്തിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടുന്ന ഒരു വിശാല വേദി അടിയന്തിരമായി രൂപീകരിക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പം, ഈ വേദിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ അപ്പപ്പോൾ നല്കുന്നതിനായുള്ള വർക്കിങ് ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ഒരു പൊതുജനാരോഗ്യ കമ്മീഷൻ രൂപീകരിക്കണം എന്നും അഭ്യർത്ഥിക്കുന്നു. കൂടാതെ ഈ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനാവശ്യമായ പരിഹാരങ്ങളിലേക്ക് എത്തിച്ചേരുന്നതിലേക്കുള്ള പഠനങ്ങൾ നടത്തുന്നതിനായി രോഗം, ടെസ്റ്റിന്റെ ഫലങ്ങൾ, എന്നിവ സംബന്ധിച്ച എല്ലാ സ്ഥിതിവിവരക്കണക്കുകളും പൊതുജനത്തിന് ലഭ്യമാക്കാനും സർക്കാർ തയ്യാറാവണം എന്നും അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ,

ബെന്നി ബഹനാൻ,
കൺവീനർ,
യു ഡി എഫ്.