കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണം: ബെന്നി ബെഹനാൻ

Jaihind News Bureau
Friday, April 3, 2020

കൊച്ചി: കൊവിഡ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്‌ഥാപന ജീവനക്കാർ, റവന്യു ജീവനക്കാർ, മറ്റ് ക്ലാസ് 4 ജീവനക്കാർ എന്നിവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു. ഇവർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഒരു മാസത്തെ ശമ്പളത്തിന് പുറമെ പ്രോത്സാഹനമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് എന്ന മഹാമാരിക്കെതിരെ യുദ്ധരംഗത്തുള്ള  ഇവരാണ് ഇതിന്‍റെ മുന്നണി പോരാളികൾ. ഈ സമയത്ത് ശമ്പളം വെട്ടികുറയ്ക്കലല്ല, ഇവർ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണ് ആവശ്യം. സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും യു ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.