കൊവിഡ്: തിരുവനന്തപുരത്ത് അതീവജാഗ്രത; രോഗബാധിതനായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറേപ്പേരുമായി ഇടപെഴകി

Jaihind News Bureau
Saturday, June 20, 2020

 

തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം.  കൊവിഡ് ബാധിതനായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറേപ്പേരുമായി ഇടപെഴകി. മണക്കാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം  ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കെ.എസ്.ആര്‍.ടി ഡ്രൈവര്‍,മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ എന്നിവരുടെ രോഗ ഉറവിടവും സ്ഥിരീകരിക്കാനായില്ല.

രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ പന്ത്രണ്ടാം തീയതി വരെ ഓട്ടോ ഓടിച്ചിട്ടുണ്ട്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഐരാണിമുട്ടത്തെ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും  പോയില്ല. പിന്നീട് 15ാം തീയതി വീണ്ടും പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി. പിന്നീട് 17ാം തിയ്യതി ആറ്റുകാലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തുകയും ഇവിടെ നിന്ന് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

12ാം തിയ്യതി നഗരത്തിലെ പല ഭാഗങ്ങളിലും പല ഓട്ടോ സ്റ്റാന്‍ഡുകളിലും ഇദ്ദേഹം പോയിട്ടുണ്ട്. മണക്കാട് ഐരാണിമുറ്റം ആറ്റുകാല്‍ പ്രദേശങ്ങളിലാണ് ഓട്ടോ ഡ്രൈവര്‍ പ്രധാനമായും സഞ്ചരിച്ചത്. ഇവിടങ്ങളിലെ നാട്ടുകാരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.