കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും വിമാനത്താവളം വരെ എത്തിയത് ഗുരുതര വീഴ്ച ; സംഘം സഞ്ചരിച്ചത് ഈ വഴികളിലൂടെ

Jaihind News Bureau
Sunday, March 15, 2020

കോവിഡ്-19 ബാധിതനായ യു.കെ പൗരന്‍ വിമാനത്താവളം വരെ എത്തിയത് അതീവ ഗുരുതര വീഴ്ച. രോഗബാധിതനായി നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ വിമാനത്താവളം വരെ എത്തിയത് അധികൃതരുടെ ജാഗ്രതക്കുറവ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡ് ഭീഷണിക്കെതിരെ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്ന് ദിവസവും ആവർത്തിക്കുന്ന സർക്കാരിന്‍റെ അവകാശവാദത്തിലെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.

അതേസമയം  യു.കെ പൗരൻ മൂന്നാറിൽ എത്തുന്നതിന് മുൻപ് വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നതായി ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ഈ മാസം ആറിനാണ് യു.കെ പൗരനും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. 19 പേരാണ് സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലിൽ താമസിച്ചു. എട്ടാം തീയതി അതിരപ്പിള്ളി സന്ദർശിച്ചു. പ്രഭാത ഭക്ഷണം അതിരപ്പിള്ളി റെസിഡന്‍സിയില്‍ നിന്ന്. പിന്നീട് സംഘം ചെറുതുരുത്തിയിലും എത്തി. പത്താം തീയതി മൂന്നാറിലെത്തിയ സംഘം മൂന്നാര്‍ ടൗണിൽ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ടി കൗണ്ടി ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇവർ മൂന്നാറില്‍ എവിടെയൊക്കെ പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ടാറ്റ ആശുപത്രിയിൽ പനിയടക്കമുള്ള രോഗ ലക്ഷണങ്ങൾക്ക് ചികിത്സയിലായിരുന്നു ബ്രിട്ടീഷ് പൗരന്‍. സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സാമ്പിൾ ശേഖരണം നടത്തുകയും ഹോട്ടലിൽ തിരികെ എത്തിച്ച് നിരീക്ഷണത്തിൽ വെക്കുകയായിരുന്നു. എന്നാല്‍ ഇവരെങ്ങനെയാണ് ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത് എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. സംഘത്തെ റിസോർട്ടിൽ നിന്ന് കടക്കാൻ സഹായിച്ചത് കൊച്ചിയിലെ ടൂർ ഓപ്പറേറ്ററാണെന്ന് വിവരമുണ്ട്. ഇത് ശരിയാണെങ്കില്‍ ഇവർക്കെതിരെ നടപടിയുണ്ടായേക്കും. നാട്ടിൽ പോകണമെന്ന് ബഹളം വച്ച വിദേശിയും സംഘവും കൊച്ചിയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഹോട്ടൽ അധികൃതർ നല്‍കുന്ന വിശദീകരണം. എന്നാലിക്കാര്യം അധികൃതരെ സമയത്ത് അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ദുബായ് വിമാനത്തില്‍ കയറിയ ബ്രിട്ടീഷ് പൗരനെയുള്‍പ്പെടെ 270 യാത്രക്കാരേയും തിരിച്ചിറക്കിയിരുന്നു. പിന്നീട് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ബ്രിട്ടനില്‍ നിന്നുള്ള 19 അംഗ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി വിമാനം യാത്രതിരിച്ചു. ഒരു ഇന്ത്യന്‍ പൗരനും യാത്ര സ്വയം ഒഴിവാക്കി. രോഗബാധിതനെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളം അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. യു.കെ സംഘം താമസിച്ച മൂന്നാർ കെ.ടി.ഡി.സി ടി കൗണ്ടി റിസോർട്ട് അടച്ചു. മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ സഞ്ചാരികളുടെ ബുക്കിംഗ് നിർത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.

പ്രത്യേക നിരീക്ഷണത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനും ഭാര്യയും ഉള്‍പ്പെടുന്ന സംഘം അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത് ഗുരുതര വീഴ്ചയയാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് ജാഗ്രതയുമായി ബന്ധുപ്പെട്ട് സര്‍ക്കാർ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതിന്‍റെ ആവശ്യകതയും ഈ സംഭവം ഓർമപ്പെടുത്തുന്നു.

teevandi enkile ennodu para