കൊവിഡ്: കണ്ണൂരിൽ ഐസൊലേഷനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഫോൺ നമ്പറും വിവരങ്ങളും സി പി എം ജില്ലാ സെക്രട്ടറിക്ക്

കണ്ണൂര്‍:  കണ്ണൂരിൽ കൊവിഡ് 19 ഹോം ക്വാറന്‍റീനിൽ കഴിയുന്നവരുടെയും രോഗമുള്ളവരുടെയും വിവരങ്ങൾ ചോർന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഫോൺ നമ്പറും മറ്റു വിവരങ്ങളും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് ലഭിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുമായി  ഇദ്ദേഹം ഫോണില്‍   സംസാരിച്ചതിന്‍റെ ശബ്ദരേഖയും സന്ദേശം അയച്ചതിന്‍റെ തെളിവുകളും പുറത്തുവന്നു.

കൊവിഡ് വ്യാപകമായതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയവർക്കാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ ഫോൺ കോളും, എസ് എം എസും വ്യാപകമായി വന്നിരിക്കുന്നത്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഉള്ളവരുടെയും, രോഗികളായ ആളുകളുടെയും വിവരങ്ങൾ രഹസ്യമായി വെക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ലംഘിച്ച് കൊണ്ടാണ് രോഗികളുടെ വിവരങ്ങളും, നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങളും സി പി എം ജില്ലാ സെക്രട്ടറിക്ക് ചോർത്തി നൽകിയിരിക്കുന്നത്.

കൊവിഡ്   19 വ്യാപനം ആരംഭിച്ചതോടെ വിദേശത്ത് നിന്നും വരുന്ന എല്ലാവരോടും വിമാനത്തിൽ വെച്ച് ഒരു സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചു വാങ്ങിയിരുന്നു. വ്യക്തിഗതമായ എല്ലാ വിശദ വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടുന്ന ഈ ഫോറത്തിന്‍റെ രണ്ട് കോപ്പികൾ തയ്യാറാക്കി ഒന്ന് എമിഗ്രേഷൻ കൗണ്ടറിലും മറ്റൊന്ന് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ മെഡിക്കൽ ടീമിനെയും ഏൽപിക്കാനായിരുന്നു നിർദ്ദേശം. ഇങ്ങനെ നൽകിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.

തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ടുന്ന വ്യക്തിഗത വിവരങ്ങളടങ്ങിയ ഡിക്ലറേഷൻ ഫോറങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ചില ആളുകൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിൽ ഫോണിൽ പരാതി നൽകിട്ടുണ്ട്. എന്നാൽ അവരുടെ പരാതിക്ക് കൈമലർത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.

https://www.youtube.com/watch?v=lfbRN4ac12s

Comments (0)
Add Comment