‘ബെഹറയ്ക്കും ബാറുകള്‍ക്കും ബിവറേജിനും കോവിഡ് ബാധകമല്ലേ ?’; സര്‍ക്കാരിനോട് യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Monday, March 16, 2020

പാലക്കാട്‌: ഡിജിപി ലോക്‌നാഥ് ബെഹറയ്ക്കും ബാറുകൾക്കും ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും കൊറോണ ബാധകമല്ലേയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ കൗണ്ടറിന്‍റെ എണ്ണം കൂട്ടുന്നത് എന്ത് പഠനത്തിന്‍റെ  അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. വിദേശയാത്ര കഴിഞ്ഞെത്തിയ ഡിജിപി നിരീക്ഷണത്തിൽ പോകാത്തത് കുറ്റകരമാണ്. മുഖ്യമന്ത്രി ഉൾപ്പെട പങ്കെടുത്ത യോഗങ്ങളിൽ ഡിജിപി പങ്കെടുക്കുന്നത് അപകടമാണെന്നും  പാലക്കാട്‌ നടത്തിയ വാർത്ത സമ്മേളനത്തിൽ ഷാഫി പറമ്പിൽ  പറഞ്ഞു.

അതേസമയം  കേരളത്തില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ഫെഡിന്‍റേയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ട്‌ലെറ്റുകൾ പൂട്ടണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു.  ഇതുള്‍പ്പടെ ഏഴിന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹം  മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. രോഗം വ്യാപിക്കാതിരിക്കുവാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നല്‍കുവാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്തുവാനുമാണ് ഈ നിര്‍ദേശങ്ങളെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.