പ്രാണവായുവിനായി പിടഞ്ഞ് രാജ്യം ; ഓക്സിജന്‍ ലഭിക്കാതെ 25 മരണം കൂടി, നിരവധി പേർ മരണമുഖത്ത്

Jaihind Webdesk
Saturday, April 24, 2021

 

ന്യൂഡൽഹി : കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനിടെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷം. ‍ഡല്‍ഹിയിലും അമൃത്സറിലുമായി   25 കൊവിഡ് രോഗികള്‍ കൂടി പ്രാണവായു ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അരമണിക്കൂർ കൂടിയുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും 210 രോഗികളുടെ ജീവൻ ആപത്തിലാണെന്നും ഡല്‍ഹിയിലെ ഗോൾഡൻ ആശുപത്രി അധികൃതർ അറിയിച്ചു.  20 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. 30 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

210 രോഗികളാണ് ആശുപത്രിൽ ഉണ്ടായിരുന്നത്. 3600 ലിറ്റര്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ രാത്രി വരെ 1200 ലിറ്റര്‍ മാത്രമാണ് ലഭിച്ചത്. ഏഴ് മണിക്കൂര്‍ താമസിച്ചതിനാല്‍ ലോ പ്രഷറിലാണ് ഓക്സിജന്‍ നല്‍കിയത്. അമൃത്സറിലെ നീൽകാന്ത് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് അഞ്ച് പേർ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറായി ആശുപത്രി കടുത്ത ഓക്സിജൻ ക്ഷാമം നേരിടുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഡല്‍ഹിയിലെ പല ആശുപത്രികളിലും സ്ഥിതി വളരെ രൂക്ഷമാണ്. ആശുപത്രികള്‍ രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. നേരത്തെ ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവന്നിരുന്നു. നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.