സംസ്ഥാനത്ത് വീണ്ടും കൊറോണ ; പത്തനംതിട്ട ജില്ലയില്‍ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു

Jaihind News Bureau
Sunday, March 8, 2020

പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഐസൊലേഷന്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ഖത്തര്‍ എയർവേയ്സിന്‍റെ QR 514 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. അതേസമയം ഇറ്റലിയില്‍ നിന്ന് ഇവർ മടങ്ങിയെത്തിയ കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗബാധിതരുമായി അടുത്തിടപഴകിയവരെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ നടപടികള്‍ തുടങ്ങിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന മൂന്ന് പേരും ആരോഗ്യവകുപ്പില്‍ റിപ്പോർട്ട് ചെയ്തിരുന്നില്ല. ബന്ധുവീട് സന്ദർശിക്കുകയും ചെയ്തു. ബന്ധുവീട്ടിലെ രണ്ട് പേർ പനിയായി താലൂക്ക് ആശുപത്രിയിൽ വന്നപ്പോൾ ലക്ഷണങ്ങൾ കണ്ട് ഐസൊലേഷന്‍ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരിൽ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.  ഇറ്റലിയിൽ നിന്ന് തിരിച്ചു വന്നവരിൽ നിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമായിരുന്നില്ല ഉണ്ടായതെന്നും ആശുപത്രിയിലേക്ക് മാറുവാനുള്ള നിർദേശത്തെ എതിർക്കുകയാണുണ്ടായതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഫെബ്രുവരി 29 ന് ഖത്തർ എയർവേയ്സ് QR 126 വെനീസ് – ദോഹ ഫ്ലൈറ്റില്‍ രാത്രി 11.20 നാണ് മൂവര്‍ സംഘം ദോഹയിലെത്തിയത്. ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടുണ്ട്. അവിടെനിന്ന് ഖത്തർ എയർവേയ്സിന്‍റെ QR 514 വിമാനത്തിലാണ് കൊച്ചിയിലെത്തുന്നത്. രാവിലെ 8:20നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഈ വിമാനങ്ങളിൽ വന്നിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും കെ.കെ ശൈലജ അറിയിച്ചു. കൊറോണ ബാധിതമായ പ്രദേശത്ത് നിന്നു വന്നവരെല്ലാം തന്നെ നിർബന്ധമായും ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തിരിക്കണം. പ്രത്യേകിച്ച് ഇറാൻ , ഇറ്റലി, സൗത്ത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവർ. അതേസമയം കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹോം ക്വാറന്‍റൈൻ 28 ദിവസം തന്നെയായിരിക്കും. എല്ലാവരുടെയും ജാഗ്രതയും കരുതലും ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.