കേരളത്തിൽ 32 പുതിയ കൊവിഡ് കേസുകൾ; ആകെ രോഗബാധിതരുടെ എണ്ണം 213

Jaihind News Bureau
Tuesday, March 31, 2020

കേരളത്തിൽ പുതുതായി കേസുകൾ 32 പുതിയ കേസുകള്‍ റിപ്പോ‍ർട്ട് ചെയ്തു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെ വന്നതാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി. ഇതുവരെയുള്ള കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 1,57,253 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 156660 പേർ വീടുകളിൽ. 623 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്.

എറണാകുളം :

ജില്ലയിൽ പുതുതായി ആർക്കും കൊവിഡ് 19 സ്ഥിരീകരിക്കാത്തത് ജനങ്ങൾക്ക് അൽപ്പം ആശ്വാസമാകുന്നു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.അതേസമയം ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധമുയർത്താനുള്ള സാധ്യത മുൻനിർത്തി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. എന്നാൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നവസാനിക്കും.

നിലവിൽ കൊവിഡ്19 സ്ഥിരീകരിച്ച് എറണാകുളം ജില്ലയിൽ 14 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 4 ബ്രിട്ടീഷ് പൗരന്മാരും, 7എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ 5527 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതിൽ 25 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്..
ഇന്നലെ ജില്ലയിൽ 10 സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. 16 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 50 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.

ജില്ലയിൽ നിയമിച്ച പ്രത്യേക മെഡിക്കൽ സംഘങ്ങൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ പരിശോധിച്ച് അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, ആവശ്യമായ ബോധവൽക്കരണം നടത്തുകയും, പരിസര ശുചിത്വം സംബന്ധിച്ച നിർദേശങ്ങളും നൽകി. കൊവിഡ് രോഗലക്ഷണങ്ങളുള്ള ആരെയും പരിശോധനയിൽ കണ്ടെത്തനായില്ല.എന്നാൽ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ആവശ്യമായ ഭക്ഷണം ലഭ്യമാവുന്നില്ലെന്നാരോപിച്ച് പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ പ്രതിഷേധം ഉയത്തിയത് മന്ത്രി വി എസ് സുനിൽകുമാറും ജില്ല കലക്ടറും മറ്റുദ്യോഗസ്ഥരും നേരിട്ടെത്തി തൊഴിലാളികളോട് ചർച്ച നടത്തിയതോടെ അവസാനിപ്പിച്ചു.ഇവരക്കാവശ്യമായ ഭക്ഷണം ഉറപ്പ് വരുത്തുമെന്ന് ജില്ല ഭരണകൂടം ഉറപ്പ് നൽകി.എന്നാൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച് തൊഴിലാളികളെ പ്രതിഷേത്തിന് പ്രേരിപ്പിക്കുകയാണെന്ന റിപ്പോർട്ടിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് 63 കേസുകൾ റജിസ്റ്റർ ചെയ്യുകയും 60 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.38 വാഹനങ്ങൾ പിടിച്ചെടുത്തു. പോലീസ് പരിശോധന ശക്തമാക്കിയതോടെ അനാവശ്യമായി റോഡിലിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പാലക്കാട് :

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവിൽ ആശുപത്രിയിലും വീടുകളിലുമായി മൊത്തം 20143 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിനു വിധേയമാക്കി വരുന്നുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

കോഴിക്കോട് :

പുതിയ കൊവിഡ് 19 രോഗികൾ ഇല്ലാത്തത് ജില്ലയ്ക്ക് ആശ്വാസമാകുന്നു. ജില്ലയില്‍ ആകെ 20,135 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം നിലവിൽ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ജാഗ്രത നിർദേശം ജില്ലയിൽ തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ ആകെ 20,135 പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ്-19 ട്രാക്കര്‍ വെബ് പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവന്നവര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളവര്‍. ഇന്ന് പുതുതായി വന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 22 പേരാണ് ആകെ ആശുപത്രി നിരീക്ഷണത്തിലുള്ളത്.

ആകെ 246 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 240 എണ്ണത്തിന്‍റെ പരിശോധന ഫലമാണ് ഇന്നലെ ലഭിച്ചത്. 231 എണ്ണം നെഗറ്റീവാണ്. ആകെ 9 പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട് സ്വദേശികളും മൂന്ന് ഇതര ജില്ലാക്കുമാണ്. ഇനി 6 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.

കൊവിഡ്-19 ജാഗ്രത പോര്‍ട്ടല്‍ വഴി രോഗ ലക്ഷണങ്ങളുളളവര്‍ക്കായി ടെലി മെഡിസിന്‍ സംവിധാനം ബ്ലോക്ക് തലത്തില്‍ സജ്ജമമാക്കിയാതായി ഡി.എം.ഒ അറിയിച്ചു. ഇതിനായി ഓരോ ബ്ലോക്കിലും ഓരോ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ സൂം കോണ്‍ഫറന്‍സ് വഴി നല്‍കുകയും ചെയ്തു.

കണ്ണൂര്‍ :

ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കണ്ണൂർ ജില്ല അതീവ ജാഗ്രതയിൽ. കൊ വിഡ് സ്ഥിരീകരിക്കപ്പെട്ട പതിനൊന്ന് പേരിൽ ഒരാള്‍ ബഹ്‌റൈനില്‍ നിന്നും ബാക്കിയുള്ളവര്‍ ദുബൈയില്‍ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 46 ആയി.കൊവിഡ് 19 ആശുപത്രിയായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് സജ്ജമായി.

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കാണ്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.. കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ ഈരണ്ടു പേര്‍ക്കും, ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയില്‍, പാനൂര്‍ സ്വദേശികള്‍ക്കുമാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒരാള്‍ ബഹ്‌റൈനില്‍ നിന്നും ബാക്കിയുള്ളവര്‍ ദുബൈയില്‍ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 46 ആയി.

മാര്‍ച്ച് 16നാണ് ചൊക്ളി സ്വദേശി  കരിപ്പൂരിലെത്തിയത്. മാര്‍ച്ച് 17ന് പാനൂര്‍ സ്വദേശിനി , ഉളിയില്‍ സ്വദേശി  എന്നിവര്‍ കരിപ്പൂരിലെത്തി. 34 കാരനായ പയ്യന്നൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയത് മാര്‍ച്ച് 18നാണ്. കോട്ടയം പൊയില്‍ സ്വദേശി  മാര്‍ച്ച് 19നാണ് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. മാര്‍ച്ച് 22ന് ചമ്പാട് സ്വദേശി , കതിരൂര്‍ സ്വദേശി  പൊന്ന്യം വെസ്റ്റ് സ്വദേശി  എന്നിവര്‍ കരിപ്പൂരിലും കോട്ടയംപൊയില്‍ സ്വദേശി  തിരുവനന്തപുരത്തും .25ഉം 30ഉം വയസ്സ് പ്രായമുള്ള മൂര്യാട് സ്വദേശികള്‍ ബെംഗളൂരുവിലും വിമാനമിറങ്ങി.  ഇവരില്‍ പയ്യന്നൂര്‍, ഉളിയില്‍ സ്വദേശികള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇവരില്‍ നാലു പേര്‍ നിലവില്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.

കൊവിഡ് 19 ആശുപത്രിയായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് സജ്ജമായി.  ആയിരം രോഗികള്‍ക്ക് വേണ്ട സജ്ജീകരണവുമായാണ് ആശുപത്രി ഒരുക്കിയിരിക്കുത്. നിലവില്‍ 400 ബെഡുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകളും ആശുപത്രിയില്‍ ഒരുക്കി.  അടിയന്തരഘട്ടത്തില്‍ ആയിരം കിടക്കകളും ഉപയോഗിക്കാന്‍ കഴിയും. 
കൊവിഡ് 19 രോഗികള്‍ക്കും രോഗം സംശയിക്കുവര്‍ക്കുമായി പ്രത്യേക സജ്ജീകരണങ്ങളാണ് ആശുപത്രിയിലുള്ളത്.