അനാവശ്യയാത്ര നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും ; കോഴിക്കോട് കർശന നിയന്ത്രണങ്ങള്‍

 

കോഴിക്കോട് : കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ  ജില്ലയിൽ കർശനനിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുഇടങ്ങളിൽ പരിശോധനയും നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനും തീരുമാനിച്ചതായി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് പിഴയിടാന്‍ ആയിരത്തോളം പൊലീസുകാരെ ചുമതലപ്പെടുത്തി. നഗരകവാടങ്ങള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട 75 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ കര്‍ശനപരിശോധനയാണ് നടക്കുന്നത്. കൂടാതെ 77 പൊലീസ് വാഹനങ്ങള്‍ സിറ്റിയില്‍ പട്രോളിംഗും നടത്തുന്നു.  മാസ്‌ക് ധരിക്കാത്തതിന് 712 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 227 കേസുകളും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് 1119 കേസുകളും ഇന്നലെ രജിസ്റ്റര്‍ ചെയ്തു. അനാവശ്യ യാത്ര നടത്തിയ 271 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം.

അനാവശ്യയാത്ര നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പൊലീസുമായി സഹകരിക്കണമെന്ന് പൊലീസ് കമ്മിഷണര്‍ എ. വി ജോര്‍ജ് അറിയിച്ചു. അതേസമയം ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളിലും വെന്റിലേറ്റർ സൗകര്യം പോലും ലഭ്യമല്ല. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ 50 ശതമാനത്തോളം സൗകര്യങ്ങൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment