കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19; ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 306 പേര്‍ക്ക്

Jaihind News Bureau
Sunday, April 5, 2020

കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍ – 1, എറണാകുളം – 1), 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ – 1, കൊല്ലം- 1, കാസര്‍ഗോഡ്-1) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്-1) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്. കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

കണ്ണൂർ :

ഒരാള്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്ലാതെ സഞ്ചാരം അനുവദിക്കില്ല.ജില്ലയില്‍ നിലവില്‍ 10276 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്.

മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിയായ 46കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് 19 ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. ഇവരില്‍ 15 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്ലാതെ സഞ്ചാരം അനുവദിക്കില്ല. പൊതുസ്ഥലങ്ങളില്‍ മൂന്നിലേറെ പേര്‍ കൂടിനില്‍ക്കരുത്. അവശ്യസാധനങ്ങള്‍ക്ക് ഹോംഡോലിവറി സംവിധാനം ഏർപ്പെടുത്തി. കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായയത്.

കോഴിക്കോട് :

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ ആകെ 21,934 പേരാണ് നിരീക്ഷണത്തിലുള്ളത്. 32 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനിലും നിരീക്ഷണത്തിലാണ്. ജില്ലയില്‍ പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ പുതുതായി 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുമുണ്ട്. ജില്ലയില്‍ ഇന്നലെയും പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോസിറ്റീവായ രണ്ടു പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടതിനാല്‍ ജില്ലക്കാരായ അഞ്ചു പേരാണ് അവശേഷിക്കുന്നത്. ഇത് കൂടാതെ പോസിറ്റീവായ രണ്ട് ഇതര ജില്ലക്കാരും ചികിത്സ തുടരുന്നുണ്ട്.

ഇന്നലെ 44 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 341 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 297 എണ്ണത്തിന്‍റെ ഫലം ലഭിച്ചിട്ടുണ്ട്. 287 എണ്ണം നെഗറ്റീവാണ്. 44 പേരുടെ പരിശോധveഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

പാലക്കാട്‌ :

ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി. ഇന്നലെ പാലക്കാട്‌ നഗരത്തിന് അടുത്തുള്ള കാവിൽപ്പാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 19325 പേർ നിരീക്ഷണത്തിലാണ്

തൃശൂർ :

പുതിയ കൊവിഡ് കേസുകൾ ഒന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്ന പത്ത് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ 14219 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 36 പേരാണ് ആശുപത്രികളിൽ ഉള്ളത്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 152 പേരോട് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാർജ് ചെയ്തു. നിരീക്ഷണകാലഘട്ടം പൂർത്തിയാക്കിയ 13 പേരെ ഒഴിവാക്കി.

23 സാമ്പിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 808 സാമ്പിളുകൾ അയച്ചു. അതിൽ 782 എണ്ണത്തിന്‍റെ ഫലം വന്നു. 26 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്.

എറണാകുളം :

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഷാർജയിൽ നിന്നും മാർച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ജില്ലയെ ഹോട്ട് സപ്പോട്ടായ് പ്രഖ്യാപിച്ചതോടെ പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്

കൊല്ലം :

ജില്ലയില്‍ പുതുതായി കൊവിഡ് – 19 സ്ഥിരീകരിച്ചത് നിസാമുദീനിൽ തബലിക്ക് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തി നേരത്തേ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുനലൂർ വാളക്കോട് സ്വദേശിനിയുടെ ഭർത്താവിനാണ് . ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം ആറായി. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും മുംബൈ വഴി കേരളത്തിലെത്തുകയും ഐസൊലേഷനില്‍ കഴിയുകയുമായിരുന്നു. കൊവിഡ് ബാധിച്ച ആളുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രൈമറി, സെക്കന്‍ണ്ടറി കോണ്ടാക്റ്റുകള്‍ പൂര്‍ണമായി കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.