കെ.സുധാകരൻ എം.പി ഇടപെട്ടു; പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റി മലയാളി വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം

Jaihind News Bureau
Tuesday, March 17, 2020

K-Sudhakaran

ന്യൂഡല്‍ഹി:  പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മലയാളികളായ വിദ്യാർഥികളുടെ നാട്ടിലേക്കുള്ള യാത്രാ പ്രശ്നത്തിന് കെ സുധാകരൻ എംപി ഇടപെട്ട് പരിഹാരം കണ്ടു. രാജ്യത്താകമാനം കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ സെൻട്രൽ യൂണിവേഴ്സിറ്റി ദീർഘകാലത്തേക്ക് അടച്ചിടുന്ന സർക്കുലർ രജിസ്ട്രാർ പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്ഥാപനത്തിൽ പഠിക്കുന്ന 150ഓളം മലയാളികളായ വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് യാത്രാസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

വിദ്യാർഥികൾ പ്രസ്തുത വിഷയം കെ സുധാകരൻ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും എംപി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിക്കുകയും സ്ലീപ്പർ കോച്ചുകൾ വിദ്യാർഥികൾക്കുവേണ്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥികൾക്ക് ദീർഘദൂരയാത്രയായത് കൊണ്ട് തന്നെ കൊറോണാ വൈറസിനെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ട സാഹചര്യവും എം.പി.മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

യൂണിവേഴ്സിറ്റി അടച്ചുപൂട്ടിയ സാഹചര്യത്തിൽ റെയിൽവേ കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് ജനറൽ കോച്ച് ആയിരുന്നു അനുവദിച്ചു നല്‍കിയിരുന്നത്. ജനറൽ കമ്പാർട്ട്മെന്‍റിലൂടെ വിദ്യാർത്ഥികൾ ദീർഘദൂര യാത്ര ചെയ്താൽ നിലവിലുള്ള സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആരോഗ്യ സംരക്ഷണകാര്യങ്ങളും കെ.സുധാകരൻ എം.പി രാവിലെ മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള സമ്പർക്രാന്തി എക്സ്പ്രസ്സിലോ മംഗള ലക്ഷദ്വീപ് എക്സ്പ്രസിലോ സ്ലീപ്പർ കോച്ച് അനുവദിക്കണമെന്നായിരുന്നു കെ.സുധാകരൻ എം.പി മന്ത്രിയോട് ആവശ്യപ്പെട്ടത്.

കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് ഉടൻ തന്നെ വിവരം ശേഖരിക്കാൻ നിർദ്ദേശം നല്‍കുകയും വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് കെ സുധാകരൻ എം.പിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് സമ്പർക്രാന്തി എക്സ്പ്രസിൽ വിദ്യാർത്ഥികൾക്ക് സ്ലീപ്പർ കോച്ചിൽ യാത്രാ സൗകര്യം ഒരുക്കിയ വിവരം മന്ത്രിയുടെ ഓഫീസ് കെ.സുധാകരൻ എം.പിയെ അറിയിച്ചു.

teevandi enkile ennodu para