ആശുപത്രിമുറിക്കുള്ളിലും കർമ്മനിരതന്‍ ; ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ഉമ്മന്‍ ചാണ്ടി ; ഉന്മേഷവാനായി നേതാവ്

Jaihind Webdesk
Saturday, April 10, 2021

 

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയ്ക്കിടയിലും പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും പരിശോധിച്ച് പരിഹാരം കണ്ടെത്താനുള്ള തിരക്കിലാണ് അദ്ദേഹം. ആശുപത്രി മുറിക്കുള്ളിലിരുന്ന് ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നിമിഷങ്ങള്‍ക്കകം നിരവധിപേരാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

എം.വിന്‍സെന്‍റ്   ഉള്‍പ്പെടെയുള്ളവർ ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചതിന്‍റെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘പതിവിലും ഉന്മേഷവാനായാണ് അദ്ദേഹം സംസാരിച്ചത്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പൊതുവായ സ്ഥിതിഗതികൾ ആരാഞ്ഞു. കുറച്ചുദിവസത്തേക്കാണെങ്കിലും ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന പ്രയാസം മാത്രമാണ്‌ സാറിന് ഉള്ളത്.’- എം.വിന്‍സെന്‍റ് കുറിച്ചു. വ്യാഴാഴ്ചയാണ്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.