ലോക്ഡൗണ്‍: അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും; കടുത്ത നടപടിയുമായി പൊലീസ്

Jaihind News Bureau
Wednesday, March 25, 2020

തിരുവനന്തപുരം: ലോക്ഡൗണിൽ അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. അതേസമയം ലോക്ഡൗൺ ലംഘിച്ച നിരവധിപേർക്കെതിരെ വിവിധ ജില്ലകളിൽ കേസ് രജിസ്റ്റർ ചെയ്തു.

കൊല്ലത്ത്  110 പേര്‍ അറസ്റ്റിലായി. ജില്ലയിൽ ഇന്ന് 143 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 106 ഉം, റൂറൽ പൊലീസ് പരിധിയിൽ 37 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് പരിധിയിൽ 72 പേരേ അറസ്റ്റ് ചെയ്യുകയും, 91 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റൂറൽ പൊലീസ് പരിധിയിൽ 37 പേരാണ് അറസ്റ്റിലായത്. 34 വാഹനങ്ങൾ ഇവിടെ കസ്റ്റഡിയിലെടുത്തു. കൊല്ലത്ത്  കർശന പരിശോധനകളും നിയന്ത്രണവും തുടരുകയാണ്.

നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിന് കൊച്ചിയില്‍ 30 പേര്‍ക്കെതിരെ  കേസെടുത്തു. പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്​. ജില്ലാ അതിര്‍ത്തിയിൽ ബാരിക്കേഡ്​ സ്ഥാപിക്കുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്​തു. റോഡുകളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാണ്.

കണ്ണൂരിൽ 654 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു . ഇതോടെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് കണ്ണൂർ ജില്ലയിൽ എടുത്ത കേസുകളുടെ എണ്ണം 95 ആയി.വിവിധ കേസുകളിൽ അറസ്റ്റിലായത് 94 പേർ. നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ 21 ദിവസത്തിന് ശേഷം  വിട്ടുകൊടുക്കാനും തീരുമാനമായി. ജില്ലയിൽ നടപടികൾ കർശനമാക്കിയിരിക്കുകയാണ് പൊലീസ്.