കൊവിഡ്-19 ജാഗ്രതാക്കുറവ് ഗൗരവകരം : എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind News Bureau
Tuesday, March 31, 2020

NK-Premachandran-MP

കൊറോണ രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ നിരീക്ഷണത്തിലും പരിചരണത്തിലും രോഗനിര്‍ണ്ണയത്തിലും ഉളള ജാഗ്രതാക്കുറവ് സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. രോഗലക്ഷണവുമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇതര ആശുപത്രികളിലും എത്തുന്നവരെ ക്വാറന്‍റൈനില്‍ നിരീക്ഷിക്കുവാനോ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്നതിനോ കാര്യക്ഷമമായ നടപടികളില്ല എന്നത് അതീവ ഗുരുതരമാണ്. രോഗലക്ഷണങ്ങളുമായി എത്തിയ രോഗി സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നേടിയതിന് ശേഷം 5 ദിവസം സ്വതന്ത്രമായി സഞ്ചരിച്ചുവെന്നതും പൊതുപരിപാടിയില്‍ പങ്കെടുത്തു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കാര്യമായ കരുതലും കാര്യക്ഷമമായ നിലപാടും രോഗലക്ഷണം കാണിക്കുന്നവരുടെ പരിചരണത്തിനും നിരീക്ഷണത്തിലും ഉണ്ടായിട്ടുണ്ടോ എന്ന സംശയം വര്‍ധിപ്പിക്കുന്നതാണ് മരണപ്പെട്ട പോത്തന്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ്. ഒരു രോഗിയെ കൃത്യമായി നിരീക്ഷിക്കുകയും ക്വാറന്‍റൈനില്‍ വെക്കുകയും ചെയ്തിരുന്നുവെങ്കില്‍ മൂന്ന് പഞ്ചായത്തിലെ ജനങ്ങളെ പൂര്‍ണമായും ക്വാറന്‍റൈനിലാക്കേണ്ടി വരുന്ന സാഹര്യം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് കൊവിഡ്-19 മൂലം മരണപ്പെട്ട പോത്തന്‍കോട് സ്വദേശിക്ക് മാർച്ച് 18ന് രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയും അന്നേ ദിവസം ഉച്ചയ്ക്ക് 2.45 ന് തോന്നയ്ക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയ്ക്കായി എത്തുകയും ചെയ്തു. രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ കൊറോണ വൈറസ് ബാധിതന്‍ മാർച്ച് 20 ന് പോത്തന്‍കോട് വാവറ അമ്പലം ജുമാമസ്ജിദിലെത്തി തുടര്‍ന്ന് വാവറ അമ്പലം കബറടിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. തൊട്ടടുത്ത ദിവസം തോന്നയ്ക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ വിണ്ടും ചികിത്സയ്ക്കായി എത്തി. 23 ന് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ എത്തിയതിനുശേഷം മാത്രമാണ് ഐസൊലേഷന്‍ നിര്‍ദേശിക്കുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗലക്ഷണങ്ങളുമായി മാർച്ച് 18ന് ചികിത്സയ്ക്കെത്തിയ രോഗി 23 വരെ യാതൊരു നിയന്ത്രണത്തിനും നിരീക്ഷണത്തിനും ക്വാറന്‍റൈനും വിധേയനാകാതെ തുടര്‍ന്നും പൊതുപരിപാടികളില്‍ പങ്കെടുത്തെങ്കില്‍, ഏതുതരത്തിലുള്ള നിയന്ത്രണമാണ് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും നടപ്പാക്കുന്നതെന്നുമുള്ള സംശയം സാധാരണക്കാര്‍ക്കുണ്ടാകും. രോഗപ്രതിരോധത്തിനായി എല്ലാവരും വീടിനുള്ളില്‍ കഴിയുമ്പോള്‍ രോഗി സര്‍ക്കാര്‍ നിയന്ത്രിത ആരോഗ്യകേന്ദ്രത്തില്‍ എത്തിയശേഷം നിര്‍ണായകമായ അഞ്ച് ദിവസങ്ങള്‍ പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുത്തു എന്നത് ആശാങ്കാജനകവും ഗൗരവതരവുമാണ്.

കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച രോഗിയും മാര്‍ച്ച് 18ന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തയിരുന്നു. ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുളള വിദേശ രാജ്യത്തു നിന്നും എത്തിയ രോഗി എയര്‍പോര്‍ട്ടില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസിലാണ് കൊല്ലത്ത് എത്തിയത്. എന്നാല്‍ മാർച്ച് 23ന് മാത്രമാണ് ഐസൊലേഷനില്‍ പോയത്. രോഗം നിര്‍ണയിച്ച് കഴിയുമ്പോള്‍ രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുകയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ് കണക്കിന് ആളുകളെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുകയും ചെയ്യാന്‍ ജാഗ്രത പുലര്‍ത്തുന്ന സര്‍ക്കാര്‍ എന്തു കൊണ്ടു രോഗലക്ഷണവുമായി ചികിത്സക്കായി സംസ്ഥാനത്തെ പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളിലും വിവിധ ആശുപ്രതികളിലും എത്തുന്നവരെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുകയോ രോഗനിര്‍ണയത്തിനായി സത്വര നടപടി സ്വീകരിക്കുകയോ ഐസൊലേഷനില്‍ കൊണ്ടു പോവുകയോ ചെയ്യാത്തത് എന്ന ഗൗരവമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. രോഗലക്ഷണമുളള എല്ലാ രോഗികളും നേരിട്ട് ജില്ലാ ആശുപത്രികളിലോ മെഡിക്കല്‍ കോളേജിലോ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലോ എത്തുന്നില്ല. അവരെല്ലാം എത്തുന്നത് പ്രാദേശികമായുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ സ്വകാര്യ ക്ലിനിക്കുകളിലോ, ആശുപത്രികളിലോ ആയിരിക്കും. അപ്രകാരം ആശുപത്രികളില്‍ എത്തുന്നവരെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കാന്‍ സംവിധാനം നിലവിലുണ്ടോ ഉണ്ടെങ്കില്‍ ഫലപ്രദമാണോ ? കേരളം സംശയപ്പൂര്‍വം ഉന്നയിക്കുന്ന ഈ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാവും.

സര്‍ക്കാര്‍ തന്നെ പുറത്തിറയ്ക്കുന്ന റൂട്ട് മാപ്പുകള്‍ വെളിപ്പെടുത്തുന്ന വസ്തുത ജാഗ്രതാക്കുറവാണ്. രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്നവര്‍ പോലും ക്വാറന്‍റൈനില്‍ പോകുന്നില്ല. അവരെ സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടിംഗോ നിരീക്ഷണമോ നടക്കുന്നില്ല. അവര്‍ കൊറോണ വൈറസ് വാഹകരും കൊവിഡ്-19 പകര്‍ത്തുന്നവരായും മാറുന്നു. രോഗ ലക്ഷണവുമായി കേരളത്തിലെ പ്രാഥമിക കേന്ദ്രങ്ങളിലും വിവിധ ആശുപത്രികളിലും എത്തുന്നവരെ സംബന്ധിച്ച് നടപ്പാക്കേണ്ട പ്രോട്ടോക്കോള്‍ എന്താണ്. അതു പാലിക്കപ്പെടുന്നുണ്ടോ എന്ന ഗൗരവകരമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ കേരളം ഒറ്റക്കെട്ടായി നടപ്പാക്കി വരുന്ന ലോക്ക്ഡൗണിന്‍റെ പൂര്‍ണമായ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുമോ എന്നത് സംശയകരമാണ്.

മന്ത്രിമാര്‍ മാതൃകയാകേണ്ടവരാണ്. എന്നാല്‍ മന്ത്രിമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ എല്ലാ ചട്ടങ്ങളും ലംഘിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്. സാമൂഹ്യ അകലമോ ഇതര നിബന്ധനകളോ പാലിക്കപ്പെടുന്നില്ല. മന്ത്രിയോടൊപ്പം യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ എത്ര പേരാണ് തിങ്ങിക്കൂടി നില്‍ക്കുന്നതെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തും.

അതീവ ജാഗ്രതയോടെ നടപ്പാക്കേണ്ട കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ക്കുപോലും നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കുമെന്നാണ് ലോകരാജ്യങ്ങളിലെ കൊറോണ വ്യാപനം വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പ്രചരണത്തിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ എത്രമാത്രം കരുതലും കാര്യക്ഷമതയും ഉണ്ട് എന്നത് പരിശോധനയ്ക്ക് വിധേയമാക്കണം. രോഗികളുടെ കാര്യത്തില്‍പ്പോലും യഥാസമയം നിയന്ത്രണമോ ക്വാറന്‍റൈനോ ഐസൊലേഷനോ നടപ്പാക്കാന്‍ കഴിയുന്നില്ല എന്ന് വെളിപ്പെടുത്തുന്ന റൂട്ട് മാപ്പുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി.