കോവിഡില്‍ ജാഗ്രതയോടെ ലോകം : മരണസംഖ്യ 5,436 ആയി ; അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

Jaihind News Bureau
Saturday, March 14, 2020

കൊവിഡ്-19 ഭീതിയില്‍ ലോകം. കൊറോണ ബാധിച്ച് ലോകമൊട്ടാതെ മരിച്ചവരുടെ എണ്ണം 5,436 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. വൈറസ് ഭീതിയെ തുടർന്ന് അമേരിക്കയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇതിനോടകം 40 പേരാണ് മരിച്ചിട്ടുള്ളത്. അതേസമയം ഡല്‍ഹിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ മരണം രണ്ടായി.

1,45,368 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 70, 931 പേർ രോഗ വിമുക്തരായി. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ രോഗ ബാധിതരുടെ എണ്ണം കുറയുന്നുണ്ട്. പുതുതായി 3 കേസുകൾ മാത്രമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ ഇന്നലെ 2,547 കേസുകളും 250 മരണവും റിപ്പോർട്ട് ചെയ്തു. സ്പെയിനില്‍ ഇതുവരെ 120 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 145 രാജ്യങ്ങളിൽ ബാധിച്ചിരിക്കുന്ന കോവിഡ്-19 നെതിരെ അതീവ ജാഗ്രതയിലാണ് ലോകം.