കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മതിയായ ശ്രദ്ധ ചെലുത്തുന്നില്ല; വീഴ്ചകള്‍ തുറന്നുകാട്ടി സോണിയാ ഗാന്ധി

Jaihind News Bureau
Thursday, April 23, 2020

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പരിശോധനകളും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോഴും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് ടെസ്റ്റിങ് കിറ്റുകളില്ല, ഉള്ളവയ്ക്ക് ഗുണമേന്മയില്ലെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു. കുടിയേറ്റ തൊഴിലാളികളെ ലോക്ഡൗണ്‍ ഗുരുതരമായി ബാധിച്ചു. 12 കോടിയിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും 7500 രൂപയെങ്കിലും നല്‍കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

സോണിയാ ഗാന്ധി കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പറഞ്ഞത്:

മൂന്ന് ആഴ്ച മുമ്പ് നമ്മൾ ചേർന്ന യോഗത്തിന് ഇപ്പുറം കൊവിഡ് മഹാമാരി രാജ്യത്ത് കൂടുതൽ അപകടം വിതയ്ക്കുന്നതാണ് കാണാനാകുന്നത്. ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ അതികഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രത്യേകിച്ച് കർഷകർ, അതിഥി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ വിഭാഗങ്ങളെല്ലാം വലിയ കഷ്ടതയാണ് അനുഭവിക്കുന്നത്. നിലവിൽ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് 3 ന് ശേഷം എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് പ്രത്യേകിച്ച് ധാരണ ഉള്ളതായി കാണുന്നില്ല. നിലവിലേതിനേക്കാൾ വലിയ ഒരു പ്രതിസന്ധിയെ ആകും അഭിമുഖീകരിക്കേണ്ടിവരിക.

മാർച്ച് 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നിരവധി തവണയാണ് ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പിന്തുണ ഉറപ്പ് നൽകിയതിനോടൊപ്പം ലോക്ക്ഡൗണിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാവശ്യമായ നിർദേശങ്ങളാണ് ഇതിൽ പ്രധാനമായും മുന്നോട്ടുവെച്ചത്. വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾ പഠിച്ചതിന് ശേഷമാണ് നിർദേശങ്ങൾ കേന്ദ്രത്തിന് മുന്നിൽ വെച്ചത്. പക്ഷെ ഇതിനോട് കേന്ദ്രം പ്രതികരിച്ചത് നിരാശാജനകമായാണ്. ഭാഗികമായി മാത്രമാണ് ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചത്. ജനങ്ങളോട് തീരെ അനുകമ്പയില്ലാതെയായിരുന്നു കേന്ദ്രത്തിന്‍റെ പെരുമാറ്റം.

ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജനങ്ങളുടെ ദൈനംദിന ജീവിതം തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. പരിശോധനാ സൗകര്യങ്ങളുടെ അഭാവം, ക്വാറന്‍റൈൻ, രോഗികളുടെ സഞ്ചാരപഥം എന്നിവ സംബന്ധിച്ച് നിരന്തരമായി ഞങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ കൊവിഡ് പരിശോധന ഇപ്പോഴും ഏറ്റവും താഴ്ന്ന നിരക്കിലാണ് നടക്കുന്നത്. പരിശോധനാ കിറ്റുകൾ കുറവാണെന്ന് മാത്രമല്ല, ഗുണനിലവാരം കുറഞ്ഞതുമാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും നൽകുന്ന സുരക്ഷാ ഉപകരണങ്ങളും ഗുണനിലവാരം കുറഞ്ഞതാണ്. സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യവുമുണ്ട്.

ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുളള ഭക്ഷ്യധാന്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നില്ല. അർഹതപ്പെട്ട 11 കോടിയോളം പേർ ഇപ്പോഴും പൊതുവിതരണ സംവിധാനത്തിന് പുറത്താണുള്ളത്. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ 10 കിലോ ഭക്ഷ്യധാന്യം, 1 കിലോ പയർവർഗങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷ്യകിറ്റ് ഇവർക്ക് ഒരോ മാസവും ലഭ്യമാക്കണം.
ലോക്ക്ഡൗണിന്‍റെ ആദ്യഘട്ടം പിന്നിട്ടപ്പോൾ 12 കോടി പേർക്കാണ് തൊഴിൽ നഷ്ടമായത്. നിലവിലത്തെ സാഹചര്യത്തിൽ തൊഴിലില്ലായ്മ ഇനിയും വർധിച്ചേക്കും. ഈ സാഹചര്യത്തിൽ പ്രതിസന്ധിയെ മറികടക്കാന്‍ ഓരോ കുടുംബത്തിനും 7,500 രൂപയെങ്കിലും വെച്ച് നൽകേണ്ടതുണ്ട്.

അതിഥി തൊഴിലാളികളാണ് ലോക്ക്ഡൗണിന്‍റെ ദോഷവശം ഏറ്റവും കൂടുതൽ നേരിടുന്ന ഒരു വിഭാഗം. ഇവർക്കുള്ള ഭക്ഷ്യവസ്തുക്കളും അത്യാവശ്യത്തിനുള്ള ധനസഹായവും നല്‍കണം. രാജ്യത്തെ കർഷകർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. വ്യക്തതയില്ലാത്തതും ദുർബലമായ സംഭരണനയങ്ങളും തകർന്ന വിതരണശൃഖലയും എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്. വിളവെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ കർഷകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര വളർച്ചയുടെ മൂന്നിലൊന്ന് നിർണയിക്കുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം.

കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഇന്ത്യ ഒറ്റക്കെട്ടായി പോരാടുമ്പോഴും വർഗീയതയുടെയും വെറുപ്പിന്‍റെയും വൈറസ് പടർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് നമ്മുടെ സാമൂഹിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്. സാമൂഹിക ഐക്യം പുനസ്ഥാപിക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവർത്തിക്കും.

കൊവിഡ് പോരാട്ടത്തില്‍ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം നിസ്തുലമാണ്. ഇവരുടെ നിശ്ചയദാര്‍ഢ്യവും സമർപ്പണമനോഭാവവുമാണ് നാം ഓരോരുത്തർക്കും പ്രചോദനമാകുന്നത്. രാജ്യത്തുടനീളം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സർക്കാരുകളെയും ഓർക്കുന്നു. തുടർന്നും കൊവിഡ് പ്രതിരോധത്തില്‍ പാർട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു.