കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സർക്കാർ വന്‍ പരാജയം; എന്ത് നടപടിയാണ് മോദി സ്വീകരിക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Monday, September 7, 2020

 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ വൻ പരാജയമെന്ന് കോണ്‍ഗ്രസ്. കൊവിഡ് വ്യാപിക്കുന്ന ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ രണ്ടാമത് എത്തിയതിന് പിന്നാലെയാണ് വിമർശനം. കൊവിഡ് വ്യാപന, മരണകണക്കുകളിൽ രാജ്യം ഒന്നാമത് എത്തിയിരിക്കുന്നു. കൊവിഡ് പ്രതിരോധം എങ്ങനെ നടത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ രണ്‍ദീപ് സിങ് സുർജെവാല ആവശ്യപ്പെട്ടു.

രാജ്യത്തെ പുതിയ കൊവിഡ് കണക്കുകൾ പ്രകാരം കൊവിഡ് വ്യാപിക്കുന്ന ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാമതാണ്. പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആണെങ്കിലും പ്രതിദിന കൊവിഡ് മരണങ്ങളുടെ കാര്യത്തിലാണെങ്കിലും ഇന്ത്യ ഒന്നാമത് നിൽക്കുന്നു. ആക്റ്റീവ് കേസുകളുടെ കണക്കുകൾ പരിശോധിച്ചാലും ഇന്ത്യ തന്നെ ലോക രാജ്യങ്ങൾക്ക് ഇടയിൽ ഒന്നാമത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും രാഹുൽ ഗാന്ധിയും മുന്നോട്ട് വെച്ച എല്ലാ മുന്നറിയിപ്പുകളും സർക്കാർ തള്ളി. സമൂഹ വ്യാപന മുന്നറിയിപ്പ് വിദഗ്ധർ ഉൾപ്പെടെ നൽകിയിട്ടും കേന്ദ്ര സർക്കാർ അവഗണിച്ചു. സർക്കാരിന് എന്താണ് നടക്കുന്നത് എന്ന് അറിയില്ല എന്നും രണ്‍ദീപ് സിങ് സുർജെവാല കുറ്റപ്പെടുത്തി.

ആലോചനകളോ ചിന്തകളോ ഇല്ലാതെയാണ് കേന്ദ്രസർക്കാർ ലോക്ഡൗണ്‍ ഉൾപ്പെടെ പ്രഖ്യാപിച്ചത്. രാജ്യത്തെ സാമ്പത്തിക രംഗം, ജനങ്ങളുടെ ജീവിത സാഹചര്യം എന്നിവ മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾ കൊണ്ട് താറുമാറായി എന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ കുറ്റപ്പെടുത്തി.