സമൂഹ വ്യാപന ആശങ്കയില്‍ കണ്ണൂർ ജില്ല; സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു

Jaihind News Bureau
Saturday, May 30, 2020

കണ്ണൂർ : സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹ വ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയിൽ കണ്ണൂർ ജില്ല. കണ്ണൂർ ജില്ലയിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ സമ്പർക്ക രോഗ ബാധിതർ. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളിൽ 19 എണ്ണം സമ്പർക്കത്തിലൂടെയുള്ളതാണ്. ജില്ലയിലെ രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും പ്രഖ്യാപിച്ചേക്കും.

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കിൽ കണ്ണൂരിൽ ഇത് 20 ശതമാനമാണ്. നിലവിലെ 93 ആക്ടീവ് കേസുകളിൽ 19 എണ്ണവും സമ്പർക്കത്തിലൂടെ വന്നതാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ധർമ്മടത്താണ് ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. എന്നാൽ ധർമ്മടത്തെ കൊവിഡ് ബാധിതർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

തലശേരി മാർക്കറ്റുമായി ബന്ധപ്പെടുന്ന ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് കാരണമായി. തലശേരി മാർക്കറ്റിലെ ധർമ്മടം സ്വദേശിയുമായുള്ള സമ്പർക്കത്തിലുടെയാണ് നാദാപുരം, തുണേരി മേഖലയിലെ മത്സ്യവിൽപ്പനക്കാരനും കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെയും തലശേരി ഗവണ്‍മെന്‍റ് ആശുപത്രിയിലെയും ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയും ഇതിനാൽ നിലനിൽക്കുന്നുണ്ട്. അത് തടയാനുള്ള കർശന നിയന്ത്രണങ്ങൾ ജില്ലയിൽ പ്രഖ്യാപിക്കും.

രോഗവ്യാപനം തടയുന്നതിനായി അതിനനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആലോചനയിൽ എന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധർമ്മടത്തെ രോഗബാധിതരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെ പരിശോധനാ ഫലങ്ങൾ ഇന്നും പുറത്ത് വരും. ജില്ലയില്‍ നിലവില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയ 13,736 പേർ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1913 പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 11,823 പേരാണ് കണ്ണൂരിൽ എത്തിയത്.