കൊവിഡ് രണ്ടാം തരംഗം പ്രതിരോധം ; 14 ഇന നിര്‍ദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: രണ്ടാം തരംഗമായി സംസ്ഥാനത്ത് കൊവിഡ് വീണ്ടും വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണവിധേയമാക്കുന്നതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.

ആരോഗ്യമേഖലയിലെയും മറ്റു രംഗങ്ങളിലെയും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഈ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കി.

ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവയ്ക്കുന്നത്. രോഗപ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും രോഗത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

ചികിത്സ
——-
1. അഡ്മിഷന്‍ പ്രോട്ടക്കോള്‍
———–
കോവിഡ് രോഗികള്‍ വല്ലാതെ കൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷന്‍ പ്രോട്ടക്കോള്‍ ഉണ്ടാക്കണം. ഇപ്പോള്‍ സാമ്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരുമായ ആളുകള്‍ ചെറിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ മുന്‍കരുതലെന്ന നിലയ്ക്ക് ആശുപത്രികളില്‍ അഡ്മിറ്റായി കിടക്കകള്‍ കയ്യടക്കുകയാണ്. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും അഡ്മിറ്റ് ചെയ്യാന്‍ കഴിയാതെ വരുന്നു. അതിനാല്‍ റഫറല്‍ സംവിധാനത്തിലൂടെ അഡ്മിഷന്‍ നല്‍കണം. പ്രാഥമിക ചികിത്സയ്ക്കും റഫറല്‍ സംവിധാനത്തിനുമുള്ള ശൃംഘല സംസ്ഥാനത്തുടനീളം തയ്യാറാക്കണം.

2. ഐ.സി.യുവുകള്‍, വെന്റിലേറ്ററുകള്‍
—————-
ഐ.സി.യുവുകളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ  ഐ.സി.യുകളും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു ‘കോമണ്‍ പൂള്‍’ ഉണ്ടാക്കണം. എന്നിട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം.

3. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കണം
————-
പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവുണ്ടെന്ന് വ്യാപകമായ പരാതി ഉണ്ട്. അതിനാല്‍ സംസ്ഥാനത്തെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ചികിത്സയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കണം. ഐ.എം.എ.പോലുള്ള സംഘടനകളുമായി സഹായം ഇതിന് തേടാവുന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഈ പരിശീലനം പൂര്‍ത്തിയാക്കാം. കരാറടിസ്ഥാനത്തില്‍ നിയമനം ആവശ്യമുള്ളിടത്ത് അതും ചെയ്യണം.

4. കിടക്കകള്‍ ഉറപ്പാക്കണം
———–
ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റര്‍ ക്ലിനിക്കുകള്‍, ഒ.പി.ഡികള്‍ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് സജ്ജമാക്കണം.

5. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം.
———-
ജീവന്‍ രക്ഷാ മരുന്നുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. Ramdesivir, Tocilizumab തുടങ്ങിയ ജീവന്‍ രക്ഷാ ഔഷധങ്ങളും, സ്റ്റിറോയിഡുകളും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ഈ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

6. ചികിത്സയുടെ ചിലവ് നിയന്ത്രിക്കല്‍
————
ഇപ്പോഴത്തെ അവസ്ഥയെ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ആര്‍ക്കും ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെടതുത്. ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം.

പ്രതിരോധം
————
7. വാക്സിനേഷന്‍
——–
വാക്സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരണം. വാക്സീന്‍ ഓപ്പണ്‍മാര്‍ക്കറ്റിലും ലഭ്യമാക്കണം എന്ന നിലപാട് നമ്മുടെ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ്.

8. സംസ്ഥാനതല ലോക്ഡൗണ്‍ വേണ്ട
———–
ജനങ്ങളെ ദുരിതത്തിലാക്കുകയും നിത്യവൃത്തി മുട്ടിക്കുകയും ചെയ്യുന്ന സംസ്ഥാനതല ലോക്ഡൗണ്‍ ആവശ്യമില്ല. പകരം രോഗം പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങളില്‍ കര്‍സന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മൈക്രോ കണ്‍ടെയ്മെന്റ് സ്ട്രാറ്റജി സ്വീകരിക്കുകയാണ് വേണ്ടത്. ഉദാഹരണമായി കടകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതിന് പകരം ടോക്കല്‍ സമ്പ്രദായത്തിലൂടെ ജനത്തിരക്ക് നിയന്ത്രിക്കണം.

9. എസ്.എം.എസ്.കര്‍ശനമാക്കുക.
————
 സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമാക്കണം.

10. ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സമൂഹത്തിലെ രോഗ്യവ്യാപനം കണ്ടെത്തി തടയണം. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ക്വാറന്റെയിന്‍ നടപടികള്‍ കര്‍ശനമാക്കുകയും വേണം.

ഗവേഷണം
————-
11. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചും  വൈറസ്സിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. വൈറസ് ബാധ കൊണ്ട് സംസ്ഥാനത്തെ പ്രതിദിന മരണനിരക്കില്‍ എത്ര വ്യത്യാസമുണ്ടാകുന്നുവെന്ന്  പഠിക്കേണ്ടതുണ്ട്.

ക്രൈസിസ് മാനേജ്മെന്റ്
—————

12. തദ്ദേശസ്ഥാപനങ്ങളെ ശക്തരാക്കുക.
———-
ഇപ്പോഴത്തെ പ്രതിസന്ധിതരണം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജരാക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ക്ക് ആവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കണം.

13. വ്യാപകമായ ബോധവത്ക്കരണം
———–
രോഗ്യപ്രതിരോധവും ചികിത്സയും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. വ്യാജപ്രചരണങ്ങള്‍ തടയണം.

14. ഏകോപനം
——-
ആരോഗ്യം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യൂ  എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

ഈ നിര്‍ദ്ദേശങ്ങള്‍ രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിനായി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Comments (0)
Add Comment