കൊവിഡ്-19: വെന്‍റിലേറ്ററുകള്‍ വാങ്ങുന്നതിന് എം.പി ഫണ്ടില്‍ നിന്ന് ആന്‍റോ ആന്‍റണി എം.പി ഒന്നരക്കോടി രൂപ അനുവദിച്ചു

Jaihind News Bureau
Thursday, March 26, 2020

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലെ ആശുപത്രികളില്‍ 15 വെന്‍റിലേറ്ററുകള്‍ വാങ്ങുന്നതിന് എം.പി ഫണ്ടില്‍ നിന്നും ആന്‍റോ ആന്‍റണി എം.പി ഒന്നരക്കോടി രൂപ അനുവദിച്ചു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എം.പി ഒന്നരകോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. കൊവിഡ്-19 ഭീഷണിയുടെ സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യമായിട്ടുള്ള ഉപകരണങ്ങളുടെ ദൗര്‍ലഭ്യം ജില്ലാ ഭരണകൂടം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എം.പി ഫണ്ടില്‍ നിന്നും ഒന്നരകോടി രൂപ അനുവദിച്ചതെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാല്, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ട്, അടൂര്‍ ജനറല്‍ ആശുപത്രി രണ്ട്, താലൂക്ക് ആശുപത്രികളായ തിരുവല്ല, റാന്നി, കോന്നി എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതവും വെന്‍റിലേറ്റര്‍ വാങ്ങുന്നതിന് ഒരുകോടി പത്തുലക്ഷം രൂപയുടെയും, പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി രണ്ട്, മുണ്ടക്കയം, ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്‍ററുകള്‍ക്ക് ഓരോന്നും വീതവും ഉള്‍പ്പെടെ 40 ലക്ഷം രൂപയുടെയും പദ്ധതി നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും അവശ്യസാധനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായാല്‍ അതിനുവേണ്ടി കൂടുതല്‍ ഫണ്ട് അനുവദിക്കാമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ അറിയിച്ചതായും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. പദ്ധതി നിര്‍ദേശം ആന്‍റോ ആന്‍റണി എം.പി കളക്ടര്‍ പി.ബി നൂഹിന് കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി തോമസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഗ്രിഗറി കെ ഫിലിപ്പ്, എ സജികുമാര്‍, ജെസിക്കുട്ടി മാത്യു, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, ആന്‍റോ ആന്‍റണിയുടെ ഭാര്യ ഗ്രേയ്‌സ് ആന്‍റോ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് 15 വെന്‍റിലേറ്ററുകള്‍ വാങ്ങുന്നതിന് 1.5 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള പദ്ധതി നിര്‍ദേശം ആന്‍റോ ആന്‍റണി എം.പി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറുന്നു.