കൊവിഡ്-19: പൊലീസ്, റവന്യൂ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തണം : കേന്ദ്ര ധനമന്ത്രിക്ക് അടൂര്‍ പ്രകാശ് എം.പിയുടെ കത്ത്

Jaihind News Bureau
Sunday, March 29, 2020

Adoor-Prakash-MP

 

കൊവിഡ് പ്രതിരോധനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയും റെവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതരെയും കൂടി കൊവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് അടൂര്‍ പ്രകാശ് എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അടൂർ പ്രകാശ് എം.പി കത്ത് നല്‍കി.

കൊവിഡിനെതിരായ പോരാട്ടത്തിലാണ് രാജ്യം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രത്യേക സാമ്പത്തിക പാക്കേജില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിരോധനത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണ്‍ നിർദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്നത് ഉറപ്പാക്കാന്‍ രാജ്യത്തെ പൊലീസ് സേനയും പ്രതിരോധ, ആശ്വാസ പ്രവര്‍ത്തനങ്ങളുമായി റെവന്യൂ ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥരും കർമനിരതരാണ്.

കാര്യമായ സംരക്ഷണ സംവിധാനങ്ങള്‍ പോലുമില്ലാതെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇവർ ദിവസവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതെന്ന് അടൂര്‍ പ്രകാശ് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വിഭാഗങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും അടൂര്‍ പ്രകാശ് എം.പി കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.