കോവാക്സിന്‍ രോഗം ഗുരുതരമാകുന്നത് തടയും ; ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2% ഫലപ്രദം

Jaihind Webdesk
Saturday, July 3, 2021

ന്യൂഡൽഹി:  കോവാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിശദഫല പ്രകാരം 77.8% ആണ് വാക്സീന്‍റെ ഫലപ്രാപ്തി. രോഗം ഗുരുതരമാകുന്നത് തടയുന്നതില്‍ 93.4% ഫലപ്രദമെന്നും വിലയിരുത്തുന്നു. എന്നാൽ ഈ ഡേറ്റ ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല.

ലക്ഷണങ്ങളില്ലാത്ത രോഗബാധ തടയുന്നതിലെ ഫലപ്രാപ്തി 63.6% ആണ്. പുതിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സീൻ 65.2 % ഫലപ്രദമെന്നും കണ്ടെത്തി. 18നും 98നു ഇടയിലുള്ള ലക്ഷണങ്ങളുള്ള 130 കോവിഡ് രോഗികളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നത്. രാജ്യത്തെ 25 ഓളം പ്രദേശങ്ങളിൽനിന്നു സ്വീകരിച്ച സാംപിളുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. വാക്സീന്‍ സ്വീകരിച്ച 12 ശതമാനം പേർക്ക് സാധാരണ നിലയിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെങ്കിൽ 0.5 ശതമാനം ആളുകൾക്കു മാത്രമാണ് ഗുരുതര പാര്‍ശ്വഫലങ്ങൾ രേഖപ്പെടുത്തിയത്.

ദിവസങ്ങള്‍ക്കുമുന്‍പ് ഭാരത് ബയോടെക് പരീക്ഷണത്തിന്‍റെ വിശദമായ ഫലം വിദഗ്ധസമിതിക്ക് സമര്‍പ്പിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ വിശദ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.