ലഹരി ഇടപാടിനെക്കുറിച്ച് ബിനീഷ് കോടിയേരിക്ക് അറിയാമായിരുന്നുവെന്ന് കോടതി: പ്രതിപ്പട്ടികയില്‍ തുടരും; തിരിച്ചടി

 

ബംഗളുരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് തിരിച്ചടി. ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും. ലഹരി ഇടപാടിനെക്കുറിച്ച് ബിനീഷിന് അറിയാമായിരുന്നുവെന്ന് ബംഗളുരുവിലെ മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നിരീക്ഷിച്ചു. ലഹരി കേസില്‍ ബംഗളുരുവിൽ അറസ്റ്റിലായ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഗുരുതര പരാമർശങ്ങള്‍. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ഉയർത്തിയാണ് ബിനീഷ് പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടത്. എന്നാൽ ഗുരുതര നിരീക്ഷണങ്ങളോടെ ഹർജി കോടതി തള്ളുകയായിരുന്നു.

ലഹരി ഇടപാട് നടത്താന്‍ വേണ്ടിയാണ് ഒന്നാം പ്രതി മുഹമ്മദ് അനൂപ് തന്‍റെ പക്കല്‍ നിന്ന് പണം വാങ്ങിയതെന്ന് ബിനീഷിന് അറിയാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ അപ്പാർട്ട്മെന്‍റിൽ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും കൂട്ടാളികളും പിടിയിലാകുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഗുരുതരമായ കുറ്റകൃത്യത്തില്‍ ബിനീഷിനും അറിവുണ്ട് എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനൂപും ബിനീഷും കൊക്കെയ്ൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന സാക്ഷി മൊഴികളും കോടതി പരാമർശിച്ചു. 40 ലക്ഷത്തോളം രൂപ മുഹമ്മദ് അനൂപിന് നൽകുകയും മതിയായ രേഖകൾ വാങ്ങാതിരിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതാണ്. പണമിടപാടിന്‍റെ മുഴുവൻ രേഖകളും ഹാജരാക്കുന്നതിൽ ബിനീഷ് പരാജയപ്പെട്ടു. ലഹരിക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടില്ല എന്ന കാരണത്താല്‍ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ബിനീഷിനെ ഒഴിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്‌തെന്ന കണ്ടെത്തലിൽ 2020 ൽ ആണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. ബംഗളുരുവിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ അറസ്റ്റിലായ ബിനീഷ് ഒരു വർഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. പരപ്പന അഗ്രഹാര ജയിലിലായിരുന്ന ബിനീഷിന് 2021 ലാണ് ജാമ്യം ലഭിച്ചത്.

Comments (0)
Add Comment